ഡല്‍ഹിയില്‍ ആശങ്കപ്പെട്ടത് തന്നെയാണ് ഇന്ത്യാസഖ്യത്തിന് സംഭവിച്ചത്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ടിയും തമ്മില്‍ താഴേത്തട്ടില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ എതിര്‍പ്പുകളായിരുന്നു. നേതാക്കളുടെ തലത്തില്‍ രാഹുല്‍ ഗാന്ധിയും കെജ്രിവാളും ഒരുമിച്ചു നിന്ന് വ്യക്തമായ സന്ദേശം നല്‍കിയെങ്കിലും സൗഹാര്‍ദ്ദം താഴേത്തട്ടില്‍ എത്തിയില്ല. അതോടെ ക്രോസ് വോട്ടിങിലൂടെ നേട്ടമുണ്ടായത് ബിജെപിക്കായി. ഏഴ് സീറ്റുകളില്‍ ഒരിടത്തും ഇന്ത്യാ സഖ്യത്തിന് ലീഡ് ചെയ്യാനായില്ല. ദേശീയ തലസ്ഥാനത്ത് കോൺഗ്രസ്-എഎപി സഖ്യവുമായി ബിജെപി നേരിട്ടുള്ള മത്സരത്തിലാണ്.
വടക്കു കിഴക്കന്‍ ഡെല്‍ഹിയിലെ കോണ്‍ഗ്രസിന്റെ താരസ്ഥാനാര്‍ഥി കനയ്യകുമാറിനു പോലും രക്ഷയുണ്ടായില്ല.
വടക്ക് കിഴക്കൻ ഡൽഹിയിൽ മനോജ് തിവാരി ഒരു ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിൻ്റെ കനയ്യ കുമാറിനെതിരെയാണ് തിവാരി മത്സരിച്ചത്.
ചാന്ദ്‌നി ചൗക്കിൽ, ബിജെപിയുടെ പ്രവീൺ ഖണ്ഡേൽവാലിനെ തുടക്കത്തിൽ കോൺഗ്രസിൻ്റെ ജയ് പ്രകാശ് അഗർവാൾ പിന്നിലാക്കിയിരുന്നുവെങ്കിലും ഇപ്പോൾ 37,751 വോട്ടുകളുടെ ലീഡ് നേടി മുന്നേറിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ വ്യക്തമാക്കുന്നു.
ആം ആദ്മി പാർട്ടിയുടെ മഹാബൽ മിശ്രയ്‌ക്കെതിരെ മത്സരിക്കുന്ന വെസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥി കമൽജീത് സെഹ്‌രാവത്ത് 69,296 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ മുന്നിലാണ്.
ബിജെപിയുടെ നോർത്ത്-വെസ്റ്റ് ഡൽഹി സ്ഥാനാർത്ഥി യോഗേന്ദർ ചന്ദോളിയ കോൺഗ്രസിൻ്റെ ഉദിത് രാജിനെതിരെ 123,780 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
ഈസ്റ്റ് ഡൽഹി സീറ്റിൽ ആം ആദ്മി പാർട്ടിയുടെ കുൽദീപ് കുമാർ ബിജെപിയുടെ ഹർഷ് മൽഹോത്രയ്‌ക്കെതിരെ 25,884 വോട്ടുകൾക്ക് പിന്നിലാണ്.
ദക്ഷിണ ഡൽഹിയിൽ നിന്ന് എഎപിയുടെ സാഹി റാം പഹൽവാനെതിരെ ബിജെപിയുടെ രാംവീർ സിംഗ് ബിധുരി 78,190 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നിലാണ്.
ന്യൂഡൽഹി മണ്ഡലത്തിൽ മുതിർന്ന നേതാവ് അന്തരിച്ച സുഷമ സ്വരാജിൻ്റെ മകൾ ബിജെപിയുടെ ബൻസുരി സ്വരാജ് 32,326 വോട്ടിൻ്റെ ലീഡിലാണ്.














