ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും ഫിലിം സൊസൈറ്റി പ്രവർത്തകനുമായ ചെലവൂർ വേണു (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ നിരൂപകനായാണ് വേണു സിനിമാരംഗത്തേക്ക് വരുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉമ്മ എന്ന സിനിമയ്ക്ക് നിരൂപണം എഴുതിയത്. വിദ്യാർത്ഥി ജീവിതകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായ വേണു ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ സംസ്ഥാന നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. സജീവമായ രാഷ്ട്രീയ താൽപ്പര്യവും നിരീക്ഷണവും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നു. 1971 മുതൽ കോഴിക്കോട്ടെ ‘അശ്വിനി ഫിലിം സൊസൈറ്റി’ ജനറൽ സെക്രട്ടറിയായിരുന്നു. സൈക്കോ എന്ന സൈക്യാട്രിക് ജേണലിൻ്റെ എഡിറ്ററും ആയിരുന്നു.
1965ൽ ആരംഭിച്ച ‘യുവഭാവന’ എന്ന സാഹിത്യ സാംസ്കാരിക ദ്വൈവാരികയിലൂടെ പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന വേണു പിന്നീട് കോഴിക്കോട് ആകാശവാണിയിൽ തിരക്കഥാകൃത്തായി കുറച്ചുകാലം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു. എഴുത്തുകാരുമായും സാംസ്കാരിക പ്രവർത്തകരുമായും അദ്ദേഹത്തിന് വിപുലമായ സൗഹൃദത്തിന് കാരണമായി.













