ബിജെപിക്ക് ഇത്തവണ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 272 സീറ്റ് തികയ്ക്കാന്‍ സാധിക്കില്ലെന്ന് വിലയിരുത്തി പ്രശസ്ത സെഫോളജിസ്റ്റും രാഷ്ട്രീയനേതാവുമായ യോഗേന്ദ്ര യാദവ്. കോണ്‍ഗ്രസ് ഇത്തവണ 100 സീറ്റ് എന്ന ലക്ഷ്യം കടക്കുമെന്നും യാദവ് പ്രവചിക്കുന്നു. ജൂണ്‍ ഒന്നിന് എക്‌സിറ്റ് പോളുകളുടെ പെരുമഴ ഉണ്ടാകും മുമ്പേ യോഗേന്ദ്രയാദവ് നടത്തിയ പ്രവചനത്തിന് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ ലോകം നല്‍കുന്നത്.
നേരത്തെ പ്രമുഖ ഇലക്ഷന്‍ തന്ത്ര വിശാരദനായ പ്രശാന്ത് കിഷോർ ആണ് യാദവിന്റെ വിലയിരുത്തല്‍ പുറത്തുവിട്ടത് . ഒടുവില്‍ അംഗീകരിച്ചത്. നേരത്തെ ഇദ്ദേഹം ബിജെപി ഭൂരിപക്ഷം നേടി ഭരിക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ബിജെപി 240 മുതല്‍ 260 സീറ്റ് വരെയും സഖ്യകക്ഷികള്‍ എല്ലാവരും ചേര്‍ന്ന് 34-35 സീറ്റുകളും നേടും എന്ന യാദവിന്റെ വിലയിരുത്തല്‍ അംഗീകരിക്കുകയാണ് ഇപ്പോള്‍ പ്രശാന്ത്. അങ്ങനെ വരുമ്പോള്‍ എന്‍.ഡി.എ.-ക്ക് ഇത്തവണ 275 മുതല്‍ 305 സീറ്റ് വരെയാണ് പ്രവചനം. കോൺഗ്രസ് 85 മുതൽ 100 വരെ സീറ്റുകൾ നേടാനാണ് സാധ്യത എന്നും ഇന്ത്യാ സഖ്യം 120-135 സീറ്റുകൾ ആണ് നേടുക എന്നും യാദവ് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് നിലവില്‍ ലോക്‌സഭയില്‍ 52 സീറ്റ് മാത്രമാണുള്ളത്.
നിലവിലുള്ള ലോക്‌സഭയില്‍ ബിജെപിക്ക് 303-ഉം എന്‍.ഡി.എ.ക്ക് 323-ഉം ആണ് അംഗസംഖ്യ. ബിജെപിക്ക് നിലവിലുള്ള അംഗസംഖയിലേക്ക് എത്താന്‍ സാധിക്കില്ലെന്നാണ് യാദവിന്റെ നിഗമനം. സഖ്യകക്ഷികളില്‍ നേരത്തെ ഉണ്ടായിരുന്ന ശിവസേനയ്ക്കുള്ള 18 അംഗങ്ങളെയും ചേര്‍ത്താണ് 323 എന്ന സംഖ്യ ഉണ്ടായിരുന്നത്. ഇപ്പോള്‍ ശിവസേന പിളര്‍ന്ന് രണ്ട് കക്ഷികളാണ്. അതിനാല്‍ ശിവസേനയുടെ അംഗബലം മുഴുവന്‍ എന്‍.ഡി.എ.ക്ക് അനുകൂലമാവില്ല. അതു പോലെ അകാലിദള്‍ നേരത്തെ സഖ്യകക്ഷിയായിരുന്നു. ഇപ്പോള്‍ അല്ല.
“രാജ്യത്തെ തെരഞ്ഞെടുപ്പുകളും സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളും മനസ്സിലാക്കുന്നവരിൽ വിശ്വസ്തനായ ഒരു മുഖം ആയ യോഗേന്ദ്ര യാദവ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തൻ്റെ “അവസാന വിലയിരുത്തൽ” പങ്കിട്ടു. യോഗേന്ദ്ര ജിയുടെ അഭിപ്രായത്തിൽ ബിജെപിക്ക് 240-260 സീറ്റുകളും എൻഡിഎയുടെ സഖ്യകക്ഷികൾക്ക് 35-45 സീറ്റുകളും ലഭിച്ചേക്കാം. ബിജെപി/എൻഡിഎയ്ക്ക് 272 സീറ്റുകൾ ആവശ്യമാണ്. ഇത്തവണ ബിജെപി/എൻഡിഎയ്ക്ക് 303/323 സീറ്റുകൾ പരമാവധി കിട്ടാം “– എക്സിൽ എഴുതിയ കുറിപ്പിൽ പ്രശാന്ത് കിഷോർ വ്യക്തമാക്കി.
കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപിക്ക് തനിച്ച് കഴിയില്ലെന്നും ഘടകകക്ഷികളുടെ കാരുണ്യം വേണ്ടിവരുമെന്നും ആണ് ഈ വിലയിരുത്തലിന്റെ സൂചന. വന്‍ തോതില്‍ പണമിറക്കിയുള്ള കാലുമാറ്റക്കളിയില്‍ ബിജെപി ശ്രമിച്ചേക്കുമെന്ന ആശങ്കയും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇതോടൊപ്പം പങ്കുവെക്കുന്നു.
പാര്‍ടികളെ മൊത്തത്തില്‍ തന്നെ പക്ഷം മാറ്റി എന്‍.ഡി.എ.യില്‍ എത്തിക്കാന്‍ ബിജെപി ഒരുങ്ങുന്നുണ്ട് എന്ന് സംശയമുണ്ട്. ഭൂരിപക്ഷം തികയ്ക്കല്‍ മാത്രമല്ല, ആത്മവിശ്വാസത്തോടെ ഭരിക്കാനുള്ള മതിയായ സംഖ്യ ലഭിക്കാനായി കൂടുതല്‍ സീറ്റുകള്‍ നേടുന്ന ചെറു പാര്‍ടികള്‍ക്ക് വലിയ അധികാര വാഗ്ദാനങ്ങള്‍ നല്‍കി പ്രതിപക്ഷത്തു നിന്നും അടര്‍ത്താനും ആലോചനയുണ്ടത്രേ.