കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ഇന്നു മുതല്‍ രണ്ടു ദിവസം ധ്യാനമിരിക്കാന്‍ പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാജ്യസഭാംഗവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. ജ്ഞാനം എന്നതിന്റെ അര്‍ഥം മനസ്സിലാകാത്ത വ്യക്തി ധ്യാനം ചെയ്തിട്ടെന്തു കാര്യം എന്ന് ചോദിച്ച സിബല്‍ പ്രായശ്ചിത്തത്തിനായാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലതു തന്നെ എന്ന് പ്രതികരിച്ചു.
“കഴിഞ്ഞ 10 വർഷമായി അവർ എന്താണ് ചെയ്തത്? 10 വർഷമായി താൻ എന്താണ് ചെയ്തതെന്ന് പ്രധാനമന്ത്രി തൻ്റെ പ്രസംഗങ്ങളിൽ പറഞ്ഞിട്ടുണ്ടോ? അവരുടെ നേട്ടങ്ങൾ എന്തൊക്കെയാണ്. എന്തെങ്കിലും നേട്ടം കാണിക്കാനുണ്ടായിരുന്നെങ്കിൽ മുജ്‌റ, മംഗൾസൂത്ര, വോട്ട് ജിഹാദ് തുടങ്ങിയവയെക്കുറിച്ചു സംസാരിക്കില്ലായിരുന്നു.”– സിബൽ ചണ്ഡിഗഡിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാക്കൾക്കെതിരായ ‘മുജ്‌റ’ പരാമർശത്തെയും സിബൽ വിമർശിച്ചു.
അധികാരത്തിലെത്തിയ ബിജെപി വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സിബൽ ആരോപിച്ചു.
വിവേകാനന്ദന്‍ ധ്യാനിച്ച അതേ ഇടത്ത് രണ്ടു നാള്‍ ധ്യാനമിരിക്കുന്ന മോദി താന്‍ ദൈവത്താല്‍ ഭൂമിയിലേക്ക് ഭരിക്കാനായി അയക്കപ്പെട്ട പ്രതിപുരുഷന്‍ ആണെന്ന് ദിവസങ്ങള്‍ക്കു മുമ്പേ സ്വയം പുകഴ്ത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ധ്യാനം. വാരാണസിയില്‍ തന്റെ വിധി നിര്‍ണയിക്കുന്നതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളിലെ ധ്യാനം തികച്ചും പബ്ലിക് റിലേഷന്‍സ് പരസ്യ പരിപാടിയാണെന്ന വിമര്‍ശനം മോദി നേരിടുന്നുണ്ട്. ഇദ്ദേഹം എന്തിനാണ് ഇപ്പോള്‍ ധ്യാനിക്കുന്നത് എന്ന് ഒട്ടേറെ പേര്‍ പരിഹസിക്കുന്നു. സമൂഹത്തില്‍ വിദ്വേഷവും മതവിഭജനവും സൃഷ്ടിക്കുന്ന തീവ്രമായ പ്രചാരണം നടത്തി തന്റെ വിജയത്തിനായി കഴിഞ്ഞ നാല് ഘട്ടം തിരഞ്ഞെടുപ്പിലായി ശ്രമിച്ച മോദി തന്റെ കുറ്റബോധം തീര്‍ക്കാനാണോ ധ്യാനത്തിനിരിക്കുന്നത് എന്ന പരിഹാസവും ഉയരുന്നുണ്ട്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ പ്രതീക്ഷിച്ച തരംഗം ഇല്ലെന്നു മനസ്സിലാക്കിയ മോദി പീന്നീട് തീവ്ര വര്‍ഗീയ, ന്യൂനപക്ഷ വിരുദ്ധ വിദ്വേഷ പ്രസംഗവും തന്നെ ദൈവം അയച്ചതാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും നടത്തി കളം പിടിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു.
വിവേകാനന്ദന് ഭാരത് മാതാവിനെക്കുറിച്ച് ദൈവിക ദർശനം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ധ്യാന മണ്ഡപത്തിൽ മെയ് 30 വൈകുന്നേരം മുതൽ ജൂൺ 1 വൈകുന്നേരം വരെ പ്രധാനമന്ത്രി ധ്യാനിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.