ചൊവ്വാഴ്ച കേരളത്തില്‍ പലയിടത്തും ഇടവപ്പാതിക്കു സമാനമായ മഴക്കെടുതികള്‍.
കോട്ടയത്ത് മൂന്നിടത്ത് ഉരുൾപൊട്ടി. ഒരു വീട് പൂർണമായും 17 വീടുകൾ ഭാഗികമായും തകർന്നു. രണ്ടു പേരെ കാണാതായി. 48 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വൈക്കത്ത് മീൻപിടിക്കാൻ പോയ മത്സ്യതൊഴിലാളി മുങ്ങിമരിച്ചു. മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ചെമ്പ് പനങ്ങാവ് ഭാഗത്ത് കിഴക്കെ കാട്ടാംപ്പള്ളിൽ വീട്ടിൽ സദാനന്ദൻ (60) ആണ് മരിച്ചത്. കോട്ടയം ഭരണങ്ങാനം ഇടമറുകിൽ ഉരുൾപൊട്ടൽ ഉണ്ടായി. ആളപായമില്ല.7 വീടുകൾക്ക് കേട് പാട് സംഭവിച്ചു.
കൊച്ചിയിലും തൃപ്പൂണിത്തുറയിലും ഇന്‍ഫോ പാര്‍ക്ക് മേഖലയിലുമെല്ലാം ഇന്ന് രാവിലെ മുതല്‍ വന്‍തോതില്‍ വെള്ളപ്പൊക്കം ഉണ്ടായി. ജനവാസമേഖലയിലെല്ലാം വലിയ തോതില്‍ വെള്ളം കയറി. മേഘ വിസ്‌ഫോടനം മൂലമാണ് ഇത് ഉണ്ടായതെന്ന് പറയുന്നുണ്ട്. ഇന്‍ഫോ പാര്‍ക്കില്‍ വെള്ളം കയറി. റോഡുകളും ടൗണ്‍ പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി.
ചൊവ്വാഴ്ച സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്തത്. കോട്ടയം, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം ആരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യമുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. പ്രവചനം അനുസരിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ അതിശക്തമോ അതിശക്തമോ ആയ മഴ ലഭിക്കും. ജൂൺ 1 വരെ കേരളത്തിൽ മിക്കയിടത്തും മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്.