സർക്കാർ സംവരണത്തിൻ്റെ 50 ശതമാനം പരിധി ഇന്ത്യ സഖ്യം അവസാനിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് മറ്റൊരു ലക്‌ഷ്യം എന്നും രാഹുൽ പ്രസ്താവിച്ചു.
ഉത്തർപ്രദേശിലെ ബൻസ്ഗാവിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ. ഇന്ത്യാ മുന്നണി അധികാരമേറ്റാൽ അഗ്‌നിപഥ് പദ്ധതി വലിച്ചുകീറി ചവറ്റുകൊട്ടയിൽ എറിയുമെന്നും രാഹുൽ പറഞ്ഞു.
“ഈ തെരഞ്ഞെടുപ്പുകൾ പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണ്. ഒരു വശത്ത് ഭരണഘടനയും മറുവശത്ത് ഭരണഘടന മാറ്റാൻ ആഗ്രഹിക്കുന്നവരും ആണ് .”-
ഭരണഘടനയുടെ ഒരു പകർപ്പും ഡോ ഭീം റാവു അംബേദ്കറുടെ ഫോട്ടോയും ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. “ദലിതർ വർഷങ്ങളോളം അതിക്രമങ്ങൾ നേരിട്ടു. നമ്മുടെ ഭരണഘടനയിൽ അവർക്ക് ബഹുമാനം നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ബിജെപി പറയുന്നത് അംബേദ്കറുടെ പ്രവർത്തനങ്ങളെ ഇല്ലാതാക്കു മെന്നാണ്. ഡോ. അംബേദ്കറിൻ്റെയും ജവഹർലാൽ നെഹ്‌റുവിൻ്റെയും ഭരണഘടന കീറാൻ ഒരു ശക്തിക്കും സാധിക്കില്ല .”– രാഹുൽ പറഞ്ഞു.
“മോദിജി സൈനികരെ തൊഴിലാളികളാക്കി. സൈന്യത്തെ കേന്ദ്രം രണ്ട് വിഭാഗങ്ങളാക്കി — അഗ്നിവീറും മറ്റുള്ളവരും . ഒരു അഗ്നിവീരന് പരിക്കേൽക്കുകയോ അയാൾ രക്തസാക്ഷിത്വം വരുകയോ ചെയ്താൽ അയാൾക്ക് രക്തസാക്ഷി പദവിയോ നഷ്ടപരിഹാരമോ ലഭിക്കില്ല.”– രാഹുൽ ആരോപിച്ചു.
ഉത്തര്‍പ്രദേശ്, ഹരിയാന, ബിഹാര്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ വലിയ ചലനമാണ് ഇന്ത്യ സഖ്യത്തിന്റെ കാമ്പയിന്‍ ഉണ്ടാക്കിയത് എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. ഈ സംസ്ഥാനങ്ങളില്‍ 2019 ബിജെപി നേടിയ മികച്ച വിജയമാണ് അവരെ അധികാരത്തുടര്‍ച്ചയിലേക്ക് നയിച്ചത്. ഇത്തവണ ഇക്കാര്യത്തില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്നു.