കേരളത്തില്‍ ഇടവപ്പാതി തുടങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളം, ലക്ഷദ്വീപ്, മാഹി, ആൻഡമാൻ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തെയാണ് മലയാളികള്‍ ഇടവപ്പാതിയെന്ന് വിളിക്കുന്നത്. ഇത്തവണ വേനല്‍മഴയുടെ തുടര്‍ച്ചയെന്നോണം മെയ് അവസാനവാരം തന്നെ മണ്‍സൂണ്‍ വരവറിയിക്കുകയായിരുന്നു. കാലാവസ്ഥയിലുണ്ടാകുന്ന പല വിധ മാറ്റങ്ങളുടെ സൂചന തരുന്ന ഒരു വ്യതിയാനമാണിതെന്നും വിലയിരുത്തലുണ്ട്.
വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മൺസൂൺ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇവിടെ സാധാരണയായി ജൂൺ 2 നും 5 നും ഇടയിലാണ് എത്തുക പതിവ്. ഇത്തവണ നേരത്തെ വന്നു.
മെയ് 31 ന് കേരളത്തിൽ കാലവർഷം ആരംഭിക്കുമെന്ന് ഒരാഴ്ച മുമ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കേരളം വ്യാപകമായ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഇത് രൂക്ഷമായ വെള്ളപ്പൊക്കത്തിനും ചില റിസർവോയറുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിനും കാരണമായിട്ടുണ്ട്.