അങ്കമാലിയില്‍ ഗുണ്ടാത്തലവന്‍ തമ്മനം ഫൈസല്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബുവിനെ ആഭ്യന്തര വകുപ്പ് രാത്രി വൈകി സസ്‌പെൻഡ് ചെയ്തു. രാത്രി വൈകി മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഷന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. പൊലീസ് സേനയ്ക്ക് നാണക്കേടായി മാറിയ സംഭവം പ്രചരിച്ചതോടെ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെ ഇന്ന് നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തു. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തത്. മൂന്നാമത്തെ പോലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.
എന്നാല്‍ സാബുവിനെ സസ്‌പെന്‍ഡ് ചെയ്യാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. സാബു മെയ് 31 വിരമിക്കുന്നയാളാണ്. വിരമിക്കുന്നവര്‍ക്ക് നല്‍കുന്ന യാത്രയയപ്പ് റദ്ദാക്കിയിട്ടുണ്ട്. പരിപാടിക്കായി തയ്യാറാക്കിയിരുന്ന പന്തലും ഡിവൈഎസ്പി ഓഫീസിന് മുന്നിൽ നിന്ന് അഴിച്ചു മാറ്റി. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തടസ്സപ്പെടും എന്നതിന്റെ പേരിലാണ് സാബുവിനെതിരെ നടപടിയില്ലാത്തത് എന്ന് വാർത്ത വരികയും ചെയ്തു.