വിശ്വാസ്യതയ്ക്കു നേരെ കടുത്ത ആക്രമണം ഉണ്ടായതിനു ശേഷം ഒടുവില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ വഴങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ കഴിഞ്ഞ അഞ്ച് ഘട്ടങ്ങളിലെയും വോട്ടർമാരുടെ സമ്പൂർണ എണ്ണം ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയെ തകിടം മറിക്കുന്ന തെറ്റായ പ്രചാരണങ്ങളെ അപലപിക്കുകയും ചെയ്തു. ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ആറാം ഘട്ടത്തിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. അവസാന ഘട്ട തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടക്കും.
സുപ്രധാനമായ അഞ്ച് ഘട്ടം നടന്നു കഴിഞ്ഞിട്ടും ബൂത്ത് തലത്തില്‍ വോട്ട് ചെയ്ത ആകെ വോട്ടര്‍മാരുടെ എണ്ണം ഇതുവരെ കമ്മീഷന്‍ പ്രസിദ്ധീകരിച്ചില്ല. ഇത് കടുത്ത വിമര്‍ശനത്തിനും തിരഞ്ഞെടുപ്പു പ്രക്രിയയിലെ ക്രമക്കേടിനെക്കുറിച്ചുള്ള വ്യാപക സംശയങ്ങള്‍ക്ക് ഇടയായി. സുപ്രീംകോടതിയില്‍ പോലും ഇതു സംബന്ധിച്ച പരാതി ഹര്‍ജിയായി എത്തി. എന്നാല്‍ അപ്പോഴും വോട്ടര്‍മാരുടെ എണ്ണം ജനത്തിന് അറിയാനുള്ള നിയമപരമായ അവകാശം ഇല്ലെന്ന മട്ടിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതികരിച്ചത്.

വോട്ടര്‍മാരുടെ കണക്ക് പ്രസിദ്ധീകരിക്കാന്‍ തല്‍ക്കാലം ഉത്തരവിടുന്നില്ലെന്നും തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലായതിനാല്‍ അത് കഴിഞ്ഞ് പ്രതികരിക്കാമെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്. കോടതി പിന്നീട് എതിരായി വിധിച്ചാല്‍ ആകെ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ അത് വലിയ തിരിച്ചടിയായിത്തീരുമെന്ന സൂചനയാണ് ഇതോടെ ലഭിച്ചത്.
ഇന്ന് ആറാം ഘട്ട വോട്ടെടുപ്പു നടക്കുമ്പോള്‍ വലിയ തിരിച്ചടി ഉണ്ടാവുമെന്ന് ഭയന്നാണ് വൈകിയ വേളയില്‍ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്. ഡെല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നഗര വോട്ടര്‍മാരെ തിരഞ്ഞെടുപ്പു കമ്മീഷന്റെ ദുരൂഹത നിറഞ്ഞ തീരുമാനങ്ങള്‍ സ്വാധീനിക്കുമെന്ന തിരിച്ചറിവാണ് ഇന്ന് തിരക്കിട്ട് ഇതേവരെയുള്ള മുഴുവന്‍ കണക്കും പുറത്തിറക്കാന്‍ കമ്മീഷനെ നിര്‍ബന്ധിതമാക്കിയത് എന്നാണ് നിഗമനം.
“ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് ഡാറ്റ പുറത്തുവിടുന്ന പ്രക്രിയയെക്കുറിച്ചുള്ള ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും വിധിയും കമ്മീഷൻ അംഗീകരിക്കുന്നു. ഇത് തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ ലക്ഷ്യം പാലിക്കാനുള്ള ഉയർന്ന ഉത്തരവാദിത്തം കമ്മീഷനിൽ വന്നു ചേർന്നിരിക്കുന്നു.”- പ്രസ് റിലീസിൽ പറയുന്നു.
പോൾ ചെയ്ത വോട്ടുകളുടെ ശേഖരണവും സംഭരിക്കുന്ന പ്രക്രിയയും കർശനവും സുതാര്യവുമാണെന്ന് ഇസി പറഞ്ഞു. പോളിംഗ് ഡാറ്റ രേഖപ്പെടുത്തുന്നതിനും പുറത്തുവിടുന്നതിനുമുള്ള വിശദമായ പ്രക്രിയയും ഫോം 17 സിയുടെ കൈകാര്യം ചെയ്യലും സംബന്ധിച്ച വിശദമായ നടപടിക്രമങ്ങൾ പൊതുമണ്ഡലത്തിലും രാഷ്ട്രീയ പാർട്ടികളെയും അറിയിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.