അങ്കമാലിയില്‍ ഗുണ്ടാത്തലവന്‍ തമ്മനം ഫൈസല്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തത് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബുവും മൂന്ന് പോലീസുകാരുമെന്ന് സ്ഥിരീകരിച്ച് എറണാകുളം റൂറല്‍ പൊലീസ് സൂപ്രണ്ട്. പൊലീസ് അന്വേഷിച്ച് എത്തിയതോടെ കക്കൂസില്‍ കയറി ഒളിച്ച സാബു പൊലീസ് സേനയ്ക്കാകെ നാണക്കേടായി മാറി. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ആഗ് എന്ന ഗുണ്ടാവിരുദ്ധ നടപടിയുടെ ഭാഗമായി മുന്നറിയിപ്പില്ലാതെ ലോക്കല്‍ പൊലീസ് എസ്.ഐ. തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയതോടെയാണ് സംഭവത്തില്‍ നാടകീയമായ പരിണാമം ഉണ്ടാകുന്നത്. എസ്.ഐ.യെ കണ്ട് സാബു വീട്ടിലെ കക്കൂസില്‍ ഓടിയൊളിച്ചു വാതിടച്ചു. അകത്ത് ആരാണെന്ന ചോദ്യം ചെയ്യലിലാണ് താന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാബു ആണെന്നും മറ്റുള്ളവര്‍ പൊലീസുകാരാണെന്നും വെളിപ്പെടുത്തുന്നത്. വിരമിക്കലിന്റെ ഭാഗമായി ഊട്ടിഭാഗത്ത് വിനോദസഞ്ചാരം നടത്തി മടങ്ങിവരുന്ന വഴിയിലാണ് സാബു ഗുണ്ടാത്തലവന്റെ അതിഥിയായി വന്നെത്തിയത് എന്നാണ് പറയുന്നത്.
പൊലീസ് സേനയ്ക്ക് നാണക്കേടായി മാറിയ സംഭവം പ്രചരിച്ചതോടെ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പോലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.
ഡിവൈഎസ്പി സാബു മെയ് 31 വിരമിക്കുന്നയാളാണ്. വിരമിക്കുന്നവര്‍ക്ക് നല്‍കുന്ന യാത്രയയപ്പ് റദ്ദാക്കിയിട്ടുണ്ട്. പരിപാടിക്കായി തയ്യാറാക്കിയിരുന്ന പന്തലും ഡിവൈഎസ്പി ഓഫീസിന് മുന്നിൽ നിന്ന് അഴിച്ചു മാറ്റി. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തടസ്സപ്പെടും എന്നതിന്റെ പേരിലാണ് സാബുവിനെതിരെ നടപടിയില്ലാത്തത് എന്ന് പറയുന്നുണ്ട്. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുള്ള ആഭ്യന്തര വകുപ്പ് അടുത്ത ദിവസം തന്നെ സാബുവിനെതിരെ നടപടിയെടുക്കുമെന്നാണ് അധികൃത കേന്ദ്രങ്ങള്‍ പറയുന്നത്.