• Home
  • kerala
  • കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ ഉത്തരകേരളത്തിലെ ക്ഷേത്രത്തിനടുത്ത് മൃഗബലി നടന്നെന്ന് ഡി.കെ.ശിവകുമാര്‍

കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ ഉത്തരകേരളത്തിലെ ക്ഷേത്രത്തിനടുത്ത് മൃഗബലി നടന്നെന്ന് ഡി.കെ.ശിവകുമാര്‍

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ഉത്തര കേരളത്തിലെ ക്ഷേത്രത്തിന് സമീപം മൃഗബലി നടത്തിയെന്ന പരാമർശവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ശിവകുമാറിന്റെ പരാമര്‍ശങ്ങളില്‍ നിന്നും സംഭവം നടന്നത് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലാണെന്നാണ് ആരോപിക്കപ്പെട്ടത്.

കര്‍ണാടകത്തിലെ ബിജെപി നേതാക്കളുടെ ഇഷ്ട ദേവസ്ഥാനമാണ് രാജരാജേശ്വരി ക്ഷേത്രം. എന്നാല്‍ ഈ ക്ഷേത്രം ഒരു ശിവക്ഷേത്രമാണ്. ഇവിടെ മൃഗബലി നടത്തുന്ന പാരമ്പര്യവും ഇല്ല. ശിവകുമാറിന്റെ ആരോപണം തള്ളിയ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പരാമര്‍ശിച്ച ക്ഷേത്രത്തില്‍ മാത്രമല്ല, കേരളത്തില്‍ ഒരിടത്തും നടക്കാത്ത കാര്യമാണിതെന്നും പറഞ്ഞു.

കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിതെന്നും ഇത്തരത്തിൽ എന്തെങ്കിലും നടന്നോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം ഡി കെ ശിവകുമാറിൻ്റെ മൃഗബലി ആരോപണത്തിൽ വിവരശേഖരണത്തിനായി കർണാടക ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ കണ്ണൂരിലെത്തിയതായി പറയുന്നുണ്ട് . അഞ്ചംഗ സംഘമാണ് അന്വേഷണത്തിനായി എത്തിയത്. പയ്യന്നൂരും തളിപ്പറമ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

എന്നാല്‍ തീര്‍ത്തും സാങ്കല്‍പികമായൊരു സംഗതിയാണെന്നും പരാജയഭീതിയുള്ള നേതാക്കള്‍ സ്വപ്‌നം കാണുന്ന കാര്യങ്ങളാണ് യഥാര്‍ഥവസ്തുതയായി ആരോപിക്കുന്നതെന്നും ശിവകുമാറിന്റെ പരാമര്‍ശത്തിനെതിരായി വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ട് ഈയിടെ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ നടന്ന മൃഗബലിയെ കുറിച്ച് തനിക്ക് വിവരം ലഭിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വ്യാഴാഴ്ച മാധ്യമങ്ങളോട് സാന്ദർഭികമായി പരാമര്ശിക്കുകയായിരുന്നു. തൻ്റെ കൈത്തണ്ടയിൽ കെട്ടിയിരിക്കുന്ന ഒരു ചരടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശിവകുമാർ. ദുഷിച്ച കണ്ണുകളെ തടയാനാണ് ഇത് കെട്ടിയിട്ടുള്ളതെന്നു അദ്ദേഹം പറഞ്ഞു.

“എനിക്കും നമ്മുടെ സർക്കാരിനുമെതിരെ കേരളത്തിൽ ഗൂഢാലോചന നടക്കുന്നുണ്ട്. എനിക്കെതിരെ ചില ‘പൂജയും’ നടക്കുന്നുണ്ട്. ആരാണ് ഈ ‘പൂജ’ നടത്തുന്നതെന്നും എവിടെയാണ് ഇത് നടത്തുന്നതെന്നും വ്യക്തമായി അറിയാം. കർണാടകയിൽ നിന്നുള്ളവരാണ്‌ ഇതിന് പിന്നിൽ.എനിക്കും മുഖ്യമന്ത്രിക്കും എതിരെയാണ് ഇത് ചെയ്യുന്നത്. കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം ശത്രുക്കളെ ഇല്ലാതാക്കാൻ ‘ശത്രു ഭൈരവി യാഗം’ നടത്തുന്നു. ‘പഞ്ചബലി’ സമർപ്പിക്കുന്നു. ചുവന്ന ആട്, 21 എരുമകൾ, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയുമായി അഗ്നിയാഗത്തിൻ്റെ ഫലമായി ശത്രുക്കൾ ‘അഘോരികളെ’ (ഹിന്ദു സന്യാസിമാരുടെ ഒരു വിഭാഗമാണ് ഇവർ ) സമീപിക്കുകയാണ്. “– ശിവകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ ഉത്തരകേരളത്തിലെ ക്ഷേത്രത്തിനടുത്ത് മൃഗബലി നടന്നെന്ന് ഡി.കെ.ശിവകുമാര്‍ - The Political Editor