• Home
  • kerala
  • മാധ്യമപ്രവര്‍ത്തകന് ആതിരപ്പള്ളി പൊലീസിന്റെ ക്രൂരമായ കസ്റ്റഡി മര്‍ദ്ദനം, റിമാന്‍ഡ് ചെയ്തത് കള്ളക്കേസിലെന്ന് ആരോപണം

മാധ്യമപ്രവര്‍ത്തകന് ആതിരപ്പള്ളി പൊലീസിന്റെ ക്രൂരമായ കസ്റ്റഡി മര്‍ദ്ദനം, റിമാന്‍ഡ് ചെയ്തത് കള്ളക്കേസിലെന്ന് ആരോപണം

ആതിരപ്പള്ളിയില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ പൊലീസ് അര്‍ധരാത്രിയില്‍ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് കള്ളക്കേസ് ചുമത്തി ജയിലിലാക്കിയതായി ആരോപണം. 24 ന്യൂസ് ചാനലിന്റെ ആതിരപ്പള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാല്‍ ആണ് പൊലീസ് നടപടിക്കിരയായത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ് റൂബിനെ ആതിരപ്പള്ളി പൊലീസ് പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ റൂബിനെ റിമാന്‍ഡ് ചെയ്തു.
താന്‍ കസ്റ്റഡിയില്‍ മര്‍ദ്ദനത്തിനിരയായെന്ന് റൂബിന്‍ ലാല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഷര്‍ട്ട് പോലും ധരിക്കാന്‍ സമ്മതിച്ചില്ല. രാത്രിയോടെ വീട്ടില്‍ക്കയറിയാണ് അറസ്റ്റു ചെയ്തത്. നേരം പുലരുംവരെ അടിവസ്ത്രം മാത്രം ഇടുവിച്ച് നിര്‍ത്തി. കഴുത്തിന് കുത്തിപ്പിടിച്ച് സി.ഐ. വധ ഭീഷണി മുഴക്കി.-റൂബിന്‍ലാല്‍ പറഞ്ഞു.

ഇന്നലെ രാവിലെയാണ് അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയത്. എന്നാല്‍ റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. പന്നിക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന വനംമന്ത്രി എകെ ശശീന്ദ്രന്റെ ഉത്തരവിനെ മറികടക്കാന്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയുമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിച്ചത്. ഇത് അവസരമാക്കി എടുത്തായിരുന്നു പോലീസിന്റെ നടപടി.

പരിസ്ഥിതി സ്‌നേഹിയായ റൂബിന്‍ലാല്‍ പ്രാദേശികമായി പരിസ്ഥിതി സംരക്ഷണത്തിനും വനം-വന്യജീവി സമ്പത്തിനെ നശിപ്പിക്കുന്നവര്‍ക്കെതിരായ പ്രതിഷേധത്തിലും സജീവമായി ഇടപെടുന്ന വ്യക്തിയായിരുന്നു. ഇതാണ് വനം വകുപ്പിലെ ചിലര്‍ക്ക് റൂബിനോട് വൈരാഗ്യം ഉണ്ടാവാന്‍ കാരണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

മാധ്യമപ്രവര്‍ത്തകന് ആതിരപ്പള്ളി പൊലീസിന്റെ ക്രൂരമായ കസ്റ്റഡി മര്‍ദ്ദനം, റിമാന്‍ഡ് ചെയ്തത് കള്ളക്കേസിലെന്ന് ആരോപണം - The Political Editor