• Home
  • latest news
  • ജമ്മു-കാശ്മീര്‍ വീണ്ടും അത്ഭുതപ്പെടുത്തുന്നു…1984നു ശേഷം ആദ്യമായി കൂറ്റന്‍ പോളിങ്

ജമ്മു-കാശ്മീര്‍ വീണ്ടും അത്ഭുതപ്പെടുത്തുന്നു…1984നു ശേഷം ആദ്യമായി കൂറ്റന്‍ പോളിങ്

ജമ്മു-കാശ്മീരിലെ അനന്ത് നാഗ്-രജൗരി മണ്ഡലത്തില്‍ 1984-നു ശേഷം ആദ്യമായി കൂറ്റന്‍ പോളിങ്. വൈകീട്ട് അഞ്ചു മണി വരെ 51.35 ശതമാനമാണ് വോട്ടിങ് എന്ന് തിരഞ്ഞെടുപ്പു ക്മ്മീഷന്‍ അറിയിക്കുന്നു. അന്തിമ കണക്കില്‍ ഈ ശതമാനം വീണ്ടും ഉയരും. ആറു മണിവരെ പോളിങ് സമയം ഉണ്ട്.

1984-ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായ 70 ശതമാനം പോളിങിനു ശേഷം, ആദ്യമായിട്ടാണ് ഇത്രയും പോളിങ്. ശ്രീനഗറിലും ബാരാമുള്ളയിലും നേരത്തെ നടന്ന തിരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയിരുന്നു . മെയ് 13 ന് നാലാം ഘട്ടത്തിൽ വോട്ട് ചെയ്ത ശ്രീനഗറിൽ 38.49 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മെയ് 20 ന് നടന്ന അഞ്ചാം ഘട്ടത്തിൽ ബാരാമുള്ളയിൽ 59.1 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ബിജെപി ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. പകരം പ്രാദേശിക കക്ഷികളെ പിന്‍തുണയ്ക്കുകയാണ്. നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി., അപ്നി പാർട്ടി എന്നിവയാണ് ഏറ്റുമുട്ടുന്നത്. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി മത്സരിക്കുന്നു എന്നതാണ് ഈ മണ്ഡലത്തെ ദേശീയ ശ്രദ്ധയിൽ നിർത്തുന്നത്. നാഷണൽ കോൺഫറൻസിന്റെ മിയാൻ അൽതാഫിനെതിരെയും അപ്നി പാർട്ടിയുടെ സഫർ ഇഖ്ബാൽ മാൻഹാസിനെതിരെയും ആണ് മെഹ്ബൂബ മത്സരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പാര്‍ടി ബിജെപി അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കാശ്മീര്‍ താഴ്വരയിലെ ശ്രീനഗര്‍, ബാരാമുള്ള എന്നിവയ്ക്കു പുറമേ മൂന്നാമത്തെ മണ്ഡലമാണ് അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തിയ അനന്ത്‌നാഗ്.

2022-ലെ മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷം അനന്ത്‌നാഗ്-രജൗരി എന്ന പേരിലാണ് മണ്ഡലം അറിയപ്പെട്ടത്. അനന്ത്‌നാഗ് മണ്ഡലം പിടിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായി, നേരത്തെ കാശ്മീര്‍ താഴ്വരയിലെ പ്രദേശങ്ങള്‍ മാത്രം ഉള്‍ക്കൊണ്ടിരുന്ന മണ്ഡലത്തിലേക്ക് ബിജെപിക്ക് ശക്തിയുള്ള ജമ്മു മേഖലയില്‍ നിന്നും പൂഞ്ച്, രജൗരി എന്നീ പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് അനന്ത്‌നാഗ്-രജൗരി എന്ന് പുനര്‍നിര്‍ണയിക്കുകയായിരുന്നു.

ഇപ്പോള്‍ ഈ മണ്ഡലത്തില്‍ 18 അസംബ്ലി സീറ്റുകളാണുള്ളത്. 11 എണ്ണം കാശ്മീരിലാണെങ്കില്‍ ബാക്കി ഏഴ് എണ്ണം ജമ്മു മേഖലയിലാണ്. തീവ്രവാദ ഭീഷണി ഏറെയുള്ള ഷോപിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ് ജില്ലകള്‍ ഈ മണ്ഡലത്തിലാണ്.
1984-ല്‍ 70 ശതമാനം പേര്‍ വോട്ട് ചെയ്‌തെങ്കിലും അതിനു തൊട്ടടുത്ത 89-ലെ തിരഞ്ഞെടുപ്പില്‍ ഇവിടുത്തെ പോളിങ് വെറും 5.91 മാത്രമായിരുന്നു. 1991ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ അനന്ത്നാഗിൽ തിരഞ്ഞെടുപ്പു നടത്താനായില്ല. 1996-ൽ പോളിങ് ശതമാനം 50.2 ശതമാനമായി ഉയർന്നു. 1998-ൽ 28.2 ശതമാനമായി കുറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

ജമ്മു-കാശ്മീര്‍ വീണ്ടും അത്ഭുതപ്പെടുത്തുന്നു…1984നു ശേഷം ആദ്യമായി കൂറ്റന്‍ പോളിങ് - The Political Editor