• Home
  • kerala
  • സ്വന്തം പ്രസിഡണ്ടിനെ പുറത്താക്കാന്‍ സിപിഎം കോണ്‍ഗ്രസുമായി ഒത്തുകളിച്ചു, 25 വര്‍ഷത്തെ ഭരണം നഷ്ടപ്പെടുത്തി

സ്വന്തം പ്രസിഡണ്ടിനെ പുറത്താക്കാന്‍ സിപിഎം കോണ്‍ഗ്രസുമായി ഒത്തുകളിച്ചു, 25 വര്‍ഷത്തെ ഭരണം നഷ്ടപ്പെടുത്തി

25 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഗ്രാമപഞ്ചായത്ത് സിപിഎം സ്വയം പരാജയപ്പെടുത്തി. കുട്ടനാട്ടിലെ വിഭാഗീയതയുടെ ഭാഗമായി വിചിത്രമായ സംഭവവികാസമുണ്ടായത് രാമങ്കരി പഞ്ചായത്തിലാണ്. വിമതനായി നില്‍ക്കുന്ന സിപിഎമ്മിന്റെ പ്രസിഡണ്ട് രാജേന്ദ്രകുമാറിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസ്സാക്കാന്‍ സിപിഎം തന്നെ വഴിയൊരുക്കി. ഏറെ നാളായി രാജേന്ദ്രകുമാര്‍ പാര്‍ടിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. അതിനിടെ 200-ലധികം പേര്‍ സിപിഎം വിട്ട് സിപിഐയില്‍ ചേരുകയും ചെയ്ത സംഭവം ഉണ്ടായി.
കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം രഹസ്യമായ ധാരണയുടെ പുറത്തായിരുന്നു എന്ന് സംശയിപ്പിക്കും വിധമാണ് കാര്യങ്ങള്‍ അരങ്ങേറിയത്. രാജേന്ദ്രകുമാറിനെ പ്രസിഡണ്ട് പദവിയില്‍ നിന്നും തെറിപ്പിക്കുക എന്ന ലക്ഷ്യത്തിന് സിപിഎം കോണ്‍ഗ്രസിനെ കൂട്ടുപിടിക്കുകയായിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. അവിശ്വാസ പ്രമേയത്തിന് നാല് സിപിഎം അംഗങ്ങള്‍ അനുകൂലമായി വോട്ടു ചെയ്തതോടെയാണ് രാജേന്ദ്രകുമാര്‍ പുറത്തായത്. നാല് കോണ്‍ഗ്രസ് അംഗങ്ങളും ഒരുമിച്ച് വോട്ടു ചെയ്താണ് സിപിഎം വിമതനെ പുറത്താക്കിയത്. അതേ സമയം രാജേന്ദ്രകുമാറിനൊപ്പം നില കൊണ്ട നാല് സിപിഎം അംഗങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു.

അവിശ്വാസപ്രമേയത്തില്‍ സിപിഎം സ്വന്തം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നില്ലെന്ന് പറയുന്നു. ഇത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് രാജേന്ദ്രകുമാര്‍ പക്ഷം ആരോപിച്ചു. കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള രഹസ്യ അനുവാദമാണിതെന്നാണ് അദ്ദേഹം ആരോപിച്ചത്.

പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് ഓഫീസിനു പുറത്തു വന്ന രാജേന്ദ്രകുമാറിനെ ചുവപ്പുമാലയണിയിച്ച് സിപിഐ പ്രവര്‍ത്തകര്‍ എതിരേറ്റു. താന്‍ ഇനി സിപിഐ-യെ ശക്തിപ്പെടുത്താനാണ് പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ അവസരവാദം ജനം വിലയിരുത്തുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *