അമിത വേഗതയിൽ പാഞ്ഞത് മൂലമാണെന്ന് സംശയിക്കുന്നു, നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്‌റ്റിലിടിച്ച് രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇന്ന് പുലർച്ചെ 3.50നാണ് അപകടമുണ്ടായത്. ഇടിച്ചതിനു ശേഷം ആംബുലന്‍സ് തീപിടിക്കുകയും ചെയ്തു. വാഹനത്തിനകത്ത് സുലോചന കുടുങ്ങിപ്പോയി എന്നാണ് കരുതുന്നത്.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, ഒരു നഴ്സ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചന്ദ്രന്റെ നില ഗുരുതരമാണ്. പ്രസീതയും നഴ്സും ചികിത്സയിലാണ്.
കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ച് വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മലബാർ മെഡിക്കൽ കോളജിൽനിന്നും ശസ്ത്രക്രിയക്കായി മിംസ് ആശുപത്രിയിലേക്ക് സുലോചനയെ മാറ്റുന്നതിനിടെയാണ് സംഭവം.













