• Home
  • kerala
  • എസ്‌എഫ്‌ഐ എറണാകുളം മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറി പീച്ചി ഡാമിൽ മുങ്ങിമരിച്ചു

എസ്‌എഫ്‌ഐ എറണാകുളം മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറി പീച്ചി ഡാമിൽ മുങ്ങിമരിച്ചു

തൃശൂർ പീച്ചിയിലെ വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയ മഹാരാജാസ് കോളേജ്‌ വിദ്യാർത്ഥി ഡാമിൽ മുങ്ങിമരിച്ചു. എസ്‌എഫ്‌ഐ എറണാകുളം മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറിയായ മലപ്പുറം താനൂര്‍ നന്നമ്പ്ര വെള്ളിയാമ്പുറം ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ(25) യാണ് മരിച്ചത്‌. എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ്. കോളേജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ്‌ പീച്ചി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത്‌ യഹിയയെ കാണാതായത്. നാല് സുഹൃത്തുക്കൾക്കൊപ്പം റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയ മുങ്ങിപ്പോയി .

യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തെരച്ചിൽ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്‌കൂബ ടീമും നാട്ടുകാരും തെരച്ചിലിൽ പങ്കെടുത്തു. രാവിലെയാണ്‌ മൃതദേഹം കണ്ടെടുത്തത്‌. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *

എസ്‌എഫ്‌ഐ എറണാകുളം മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറി പീച്ചി ഡാമിൽ മുങ്ങിമരിച്ചു - The Political Editor