സർക്കാരിന്റെ നവകേരള സദസ്സിനായി സ്കൂൾ ബസുകൾ നൽകുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നൽകിയ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. ജനങ്ങളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
എല്ലാ സ്കൂളുകളിലെയും പ്രധാനാധ്യാപകർക്കാണു സർക്കുലർ അയച്ചത്. സംഘാടകസമിതികൾ ആവശ്യപ്പെടുന്ന പക്ഷം ഇന്ധനച്ചെലവും ഡ്രൈവറുടെ ബാറ്റയും ഈടാക്കി ബസുകൾ വിട്ടുനൽകണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ഇത് തർക്കത്തിനിടയാക്കി. ഇതോടെ വിദ്യാർഥികൾക്ക് അസൗകര്യമില്ലാത്ത വിധത്തിൽ വിട്ടുകൊടുക്കാം എന്നു ഭേദഗതി വരുത്തിയിരുന്നു.
കാസർകോട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയുടെ പിതാവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കേരള മോട്ടർ വാഹന ചട്ടം പ്രകാരം സ്കൂൾ ബസുകൾക്ക് പെർമിറ്റ് നൽകുമ്പോൾ വിദ്യാർഥികളുടെ യാത്രയ്ക്കും മറ്റു വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂയെന്നാണു നിഷ്കർഷിച്ചിരിക്കുന്നത് എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.