Categories
latest news

യഹൂദ ജനതയ്ക്ക് ഐക്യദാര്‍ഢ്യം, ആശുപത്രിയിലെ ആക്രമണം ഇസ്രായേലി സൈന്യത്തിന്റെതല്ല- ബൈഡന്‍

യഹൂദ ജനതയ്ക്ക് അമേരിക്കന്‍ ജനത ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നിലകൊള്ളുകയാണെന്നു യു.എസ്. പ്രസിഡണ്ട് ജോ ബൈഡന്‍ പ്രസ്താവിച്ചു. ഗാസ മുനമ്പിലെ ആശുപത്രിയിലേക്ക് ആക്രമണം നടത്തിയത് ഇസ്രായേലി സൈന്യം ആണെന്നു തോന്നുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു. വേറൊരു ്‌സംഘമാണ് ആക്രമണത്തിനുത്തരവാദികളെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ഇന്നലെ രാത്രി ഗാസയിലെ ആശുപത്രിയിലേക്കു നടത്തിയ മാരകമായ ആക്രമണത്തില്‍ 500-ലധികം പാലസ്തീന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. ലോകമാകെ ഇതില്‍ പ്രതിഷേധം കത്തുമ്പോഴാണ് ബൈഡന്‍ ഈ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ഇസ്രായേലി സൈന്യം നേരത്തെ തന്നെ തങ്ങളല്ല ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടിരുന്നു. തീവ്രവാദി ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദ് ആണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. എന്നാല്‍ ഹമാസ് ആകട്ടെ ഇസ്രായേലി സൈന്യത്തിന്റെ ആക്രമണമാണിതെന്ന് ആവര്‍ത്തിച്ചു. ഇസ്ലാമിക് ജിഹാദും തങ്ങൾക്കെതിരായ ആരോപണം നിഷേധിച്ചിട്ടുണ്ട്.

ആശുപത്രിയിലെ കൂട്ടക്കൊലയ്‌ക്കെതിരെ അറബ് ലോകമാകെ വന്‍ പ്രതിഷേധത്തീയില്‍ ആളുകയാണ്. അതു കൊണ്ടു തന്നെ ഇസ്രായേല്‍ സന്ദര്‍ശനത്തിനു ശേഷം അറബ് രാജ്യങ്ങളിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം ജോ ബൈഡന്‍ ഉപേക്ഷിച്ചിരിക്കയാണ്. ഇസ്രായേലിനു ശേഷം ബൈഡൻ ജോർദാൻ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു, എന്നാൽ ആശുപത്രി സ്‌ഫോടനത്തെത്തുടർന്ന് അറബ് നേതാക്കളുമായുള്ള കൂടിക്കാഴ്ച നിർത്തിവച്ചു. സ്‌ഫോടനത്തിൽ തനിക്ക് അതിയായ ദുഃഖവും രോഷവും ഉണ്ടെന്ന് ബൈഡൻ നെതന്യാഹുവിനോട് പറഞ്ഞു.

ഇസ്രായേലിലേക്കു മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സന്ദര്‍ശനം പുതിയ സാഹചര്യത്തില്‍ വിശദീകരിക്കുകയായിരുന്നു ബൈഡന്‍. ഇന്ന് ഇസ്രായേലിലെത്തിയ ബൈഡനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബെൻ ഗുറിയോൺ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഇസ്രായേലിലേക്ക് വന്നതിന് നെതന്യാഹു ബൈഡന് നന്ദി പറഞ്ഞു.

ഗാസ മുനമ്പിലെ ഫലസ്തീനികൾക്കായി സഹായം എത്തിക്കാൻ യുഎസ് പ്രസിഡന്റ് ശ്രമിക്കുമെന്ന് ലോകം പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം ലോകം ഉറ്റു നോക്കുന്നു. ഒക്‌ടോബർ 7-ന് 1,400 ഇസ്രായേലികളെ കൊന്നൊടുക്കിയ ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി ഗാസയിൽ ഒരു കര യുദ്ധത്തിന് ഇസ്രായേൽ തയ്യാറെടുക്കുകയാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick