ആഗസ്റ്റ് 30-ന് തിരുവനന്തപുരം കാട്ടാക്കടക്കും സമീപം പതിനഞ്ചു വയസ്സുകാരന്‍ കുട്ടിയെ കാര്‍ ഓടിച്ചുകയറ്റി അപായപ്പെടുത്തുകയായിരുന്നു എന്ന് വ്യക്തമായതോടെ കാര്‍ ഓടിച്ചിരുന്ന അകന്ന ബന്ധു പ്രിയരഞ്ജനു വേണ്ടി പൊലീസ് വ്യാപകമായി വല വീശി. പ്രിയരഞ്ജന്‍ ഓടിച്ച ഇലക്ട്രിക് കാര്‍ ഇടിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആദിശേഖര്‍ ആണ് മരിച്ചത്. ഇത് അശ്രദ്ധയോടെ വാഹനമോടിച്ചുണ്ടായ അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും സിസി ടിവി ദൃശ്യങ്ങള്‍ യാഥാര്‍ഥ്യം മറ്റൊന്നാണെന്ന് വെളിപ്പെടുത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ, കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇപ്പോൾ പ്രിയരഞ്ജനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
പ്രദേശത്തെ ഒരു ക്ഷേത്രത്തിനു സമീപം മൂത്രമൊഴിക്കരുതെന്ന് ആദിശേഖര്‍ പറഞ്ഞതാണോ കുട്ടിയോട് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതിന് സാക്ഷിമൊഴിയുണ്ട്. കുട്ടി തന്നെ തടഞ്ഞതിനുള്ള പ്രതികാരമാണോ പ്രിയരഞ്ജന്റെ ക്രൂരമായ പ്രവൃത്തി എന്ന് പൊലീസ് അന്വേഷിക്കുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന പ്രിയരഞ്ജൻ ഓണം ആഘോഷിക്കാൻ കേരളത്തിലെത്തിയതായിരുന്നു.
സുഹൃത്തിനൊപ്പം വീടിനുമുന്നിലൂടെ സൈക്കിളിൽ പോവുകയായിരുന്നു ആദിശേഖർ. പ്രതി തന്റെ കാറിൽ റോഡിൽ കാത്തുനിൽക്കുകയും സൈക്കിളിൽ കയറിയ കുട്ടിയുടെ നേരെ അതിവേഗം ഓടിച്ചു കയറ്റി ബാലനെ ഇടിച്ചു വീഴ്ത്തിയത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് തടസ്സമായി പ്രിയരഞ്ജൻ തന്റെ കാർ റോഡിന് കുറുകെ നിർത്തിയിരുന്നതായും കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പിന്നീട് പ്രിയരഞ്ജൻ കാർ സ്ഥലത്തുനിന്നും മാറ്റി പേയാടിന് സമീപം ഉപേക്ഷിച്ചു കടന്നു കളഞ്ഞു.