ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന്റെ ഓര്‍മകളുടെ പ്രതീകങ്ങളില്‍ ഒന്നായ ഡെല്‍ഹിയിലെ നാഷണല്‍ മ്യൂസിയം കെട്ടിടവും കേന്ദ്രസര്‍ക്കാര്‍ വിസ്മൃതിയിലേക്ക് തള്ളുന്നു. രണ്ട് ലക്ഷത്തിലധികം അമൂല്യമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയത്തിന്റെ കെട്ടിടം തന്നെ മനോഹരമായ വാസ്തുശൈലിയുടെ അടയാളവും ദേശീയ പാരമ്പര്യത്തിന്റെ ഓര്‍മ വഹിക്കുന്നതുമാണ്. 1949 ആഗസ്റ്റ് 15 ന് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരിയാണ് രാഷ്ട്രപതി ഭവനിൽ ദേശീയ മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി സമ്പന്നമായ പുരാതന പുരാവസ്തുക്കളുടെ ശേഖരമുള്ള ഡൽഹിയിലെ നാഷണൽ മ്യൂസിയം ഈ വർഷം അവസാനത്തോടെ ഒഴിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കയാണ്.
https://x.com/Jairam_Ramesh/status/1707707637721444677?s=20
1960 ഡിസംബറില്‍ ഉദ്ഘാടനം ചെയ്ത മ്യൂസിയം രൂപകല്‍പന ചെയ്ത ജി.ബി. ദിയോലാലികര്‍ തന്നെയാണ് ഇന്ത്യയുടെ സുപ്രീംകോടതിയുടെ പ്രധാന ബ്ലോക്കും രൂപകല്‍പന ചെയ്തിരുന്നത്. നാഷണല്‍ മ്യൂസിയം കെട്ടിടം പൊളിച്ചു കളയുമോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും മ്യൂസിയം ഒഴിപ്പിച്ച് വസ്തുക്കള്‍ സൂക്ഷിക്കാന്‍ വേറെ ഏതെങ്കിലും ഇടം തിരയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മോദിയുടെ ചരിത്രം മായ്ക്കല്‍ പരിപാടിയുടെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് വിമര്‍ശിച്ചു. നാഷണല്‍ മ്യൂസിയത്തിന്റെ പഴയ ചിത്രങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു.
മ്യൂസിയം രൂപകല്‍പന ചെയ്ത വ്യക്തി തന്നെയാണ് സുപ്രീംകോടതിയുടെ പ്രധാന കെട്ടിടവും ഡിസൈന്‍ ചെയ്തത്. സുപ്രീംകോടതിയെങ്കിലും അവിടെ നിന്നും മാറ്റില്ലെന്ന് വിചാരിക്കാമെന്ന് ജയ്‌റാം രമേശ് പരിഹാസരൂപേണ മോദിയുടെ നടപടിയെ വിമര്‍ശിച്ചു. 1960-ൽ ആദ്യമായി ഇന്ത്യയിലെത്തിയ അമേരിക്കൻ മ്യൂസിയോളജിസ്റ്റായ ഗ്രേസ് മോർലി ആയിരുന്നു മ്യൂസിയത്തിന്റെ ആദ്യ ഡയറക്ടർ. അവർ 1966 വരെ ഡയറക്ടറായി തുടർന്നു. എല്ലാവരുടെയും ബഹുമാനം നേടിയ അവർ മാതാജി മോർലി എന്ന് വിളിക്കപ്പെട്ടു.”– ജയ്‌റാം രമേശ് തന്റെ പോസ്റ്റിൽ പറഞ്ഞു.
“രാജ്യത്തിന് നഷ്‌ടമാകുന്നത് ഒരു മഹത്തായ ഘടന മാത്രമല്ല, അതിന്റെ സമീപകാല ചരിത്രത്തിന്റെ ഒരു ഭാഗം കൂടിയാണ്. ഇത് പ്രധാനമന്ത്രിയുടെ ആസൂത്രിതമായ മായ്‌ക്കൽ കാമ്പെയ്‌നിന്റെ ലക്ഷ്യമാണ്. അതിൽ 2,00,000-ത്തിലധികം അമൂല്യമായ പ്രദർശനങ്ങളുണ്ട്. ഈ ദേശീയ സമ്പത്ത് നിലനിൽക്കുമെന്ന് യാതൊരു ഉറപ്പുമില്ല.”– ജയ്‌റാം രമേശ് പറഞ്ഞു.