2008ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭാരതീയ ജനതാ പാർട്ടി എംപിയുമായ പ്രജ്ഞാ സിംഗ് താക്കൂർ പ്രത്യേക എൻഐഎ കോടതിയിൽ തിങ്കളാഴ്ച ഹാജരായി.
കേസിലെ മറ്റ് പ്രതികൾ കോടതിയിൽ ഹാജരായതിന് രണ്ട് മണിക്കൂറിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കേസിലെ ഏഴ് പ്രതികളിൽ ഒരാളായ പ്രജ്ഞാ സിംഗ് താക്കൂർ എത്തിയത്. അതിരാവിലെ എഴുന്നേൽക്കാൻ കഴിയാത്ത ആരോഗ്യപ്രശ്‌നങ്ങൾ തനിക്ക് അനുഭവപ്പെടുന്നുണ്ടെന്ന് പ്രജ്ഞാ സിംഗ് താക്കൂർ കോടതിയെ അറിയിച്ചു. തുടർന്ന് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതിനായി കോടതി കേസ് ഒക്ടോബർ മൂന്നിലേക്ക് മാറ്റി.
2008 സെപ്റ്റംബർ 29 ന് വടക്കൻ മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് വിചാരണ.
കേസിൽ തെളിവെടുപ്പ് നടപടികൾ പൂർത്തിയായെന്നും കൂടുതൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കേണ്ട ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ സെപ്റ്റംബർ 14ന് കോടതിയെ അറിയിച്ചിരുന്നു.
പ്രജ്ഞാ സിംഗ് താക്കൂർ, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത്, മേജർ (റിട്ട.) രമേഷ് ഉപാധ്യായ, അജയ് രഹിർക്കർ, സുധാകർ ചതുര് വേദി, സമീർ കുൽക്കർണി എന്നിവർ തിങ്കളാഴ്ച കോടതിയിൽ ഹാജരായപ്പോൾ
സുധാകർ ദ്വിവേദി എന്ന പ്രതി ഹാജരായില്ല. കോടതിയിൽ ഹാജരാകാൻ കഴിയാത്തതിന്റെ കാരണം മതപരമായ ആചാരങ്ങളാണെന്നും ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഹർജി തള്ളിയ കോടതി ദ്വിവേദിക്കെതിരെ 5000 രൂപയ്ക്ക് ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചു.