പാര്‍ടിയുടെ കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ ക്രമക്കേടുണ്ടായെന്ന് ഏരിയാ സെക്രട്ടറി തന്നെ ആരോപണം ഉന്നയിച്ച് സംസ്ഥാനമാകെ സിപിഎമ്മിലും സമൂഹത്തിലും ചര്‍ച്ചാ വിഷയമായ പയ്യന്നൂരില്‍ പുതിയ നേതൃത്വത്തെ നിയോഗിച്ച് സിപിഎം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ പി.സന്തോഷ് ആണ് പുതിയ ഏരിയ സെക്രട്ടറി. വിവാദത്തെത്തുടര്‍ന്ന് ജില്ലാക്കമ്മിറ്റിയിലേക്ക് താഴ്ത്തപ്പെട്ട ടി.ഐ.മധുസൂദനന്‍ എം.എല്‍.എ.യെ തിരിച്ച് ജില്ലാ സെക്രട്ടറിലേറ്റിലേക്കു തന്നെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.ഇതോടെ ഫണ്ട് തിരിമറി ആരോപണവുമായി ബന്ധപ്പെട്ട് ഒന്നര വര്‍ഷത്തിലേറെയായി പാര്‍ടിയില്‍ ഉയര്‍ന്നിരുന്ന ചര്‍ച്ചകള്‍ ഇനി അടഞ്ഞ അധ്യായമെന്ന സന്ദേശം നല്‍കുകയാണ് സിപിഎം.
ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ പാര്‍ടി ആദ്യമേ തന്നെ സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഇത് വിവാദം കൂടുതല്‍ കത്തിക്കാനേ സഹായിച്ചുള്ളൂ. തുടര്‍ന്ന് സംസ്ഥാനകമ്മിറ്റിയംഗവും മുന്‍ എം.എല്‍.എ.യുമായ ടി.വി.രാജേഷിന് ഏരിയാ സെക്രട്ടറിയുടെ ചുമതല നല്‍കി ഏകദേശം ഒരു വര്‍ഷത്തിനു മേലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും പയ്യന്നൂര്‍ എം.എല്‍.എ.യുമായ ടി.ഐ.മധുസൂദനനെതിരായാണ് വി.കുഞ്ഞികൃഷ്ണന്‍ ഫണ്ട് തിരിമറി പരാതി ഉന്നയിച്ചത്.
പാര്‍ടിയുടെ കെട്ടിട നിര്‍മ്മാണഫണ്ട്, പയ്യന്നൂരില്‍ ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ട പ്രാദേശിക നേതാവ് ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ രൂപീകരിച്ച രക്തസാക്ഷി ഫണ്ട് എന്നിവയിലാണ് ഒരു കോടിയിലേറെ രൂപ തിരിമറി നടന്നതെന്നായിരുന്നു കുഞ്ഞികൃഷ്ണന്‍ പരാതിപ്പെട്ടത്. എന്നാല്‍ പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകള്‍ കൃത്യമായി അക്കൗണ്ട് ചെയ്യുന്നതിലുണ്ടായ പിശകാണ് സംഭവിച്ചത് എന്നായിരുന്നു ഉന്നത നേതൃത്വം വിശദീകരിച്ചത്.
മധുസൂദനനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോള്‍ ആരോപണത്തിലുറച്ചു നിന്ന് രേഖകള്‍ സഹിതം നേതൃത്വത്തിനു മുന്നില്‍ പരാതിപ്പെട്ട കുഞ്ഞികൃഷ്ണനെ ഭാരവാഹിസ്ഥാനത്തു നിന്നും നീക്കിയാണ് സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. ഇത് പയ്യന്നൂരിലെ പാര്‍ടിക്കകത്ത് എരിതീയില്‍ എണ്ണയൊഴിക്കുന്ന മാതിരിയായി മാറി. ഇനി പാര്‍ടി പ്രവര്‍ത്തനത്തിലേക്ക് ഇല്ലെന്ന് കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും കമ്മിറ്റികളില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. എം.വി.ഗോവിന്ദന്‍ നയിച്ച് സിപിഎം സംസ്ഥാന ജാഥയുടെ സ്വീകരണച്ചടങ്ങില്‍ പോലും നിര്‍ബന്ധിച്ചിട്ടും അനുഭാവിയെപ്പോലെ സദസ്സില്‍ മാത്രമിരിക്കാനാണ് കുഞ്ഞികൃഷ്ണന്‍ തയ്യാറായത്.
തുടര്‍ന്ന് കുഞ്ഞികൃഷ്ണനുമായി ഉന്നത നേതാക്കള്‍ പല വട്ടം അനുനയ നീക്കങ്ങള്‍ നടത്തി. എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ അനുനയത്തിലൂടെയാണ് കുഞ്ഞികൃഷ്ണന്‍ പാര്‍ടി കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.
ഏരിയാ നേതൃത്വത്തിന് പുതിയ സ്ഥിരം ഭാരവാഹിയില്ലാത്തതിന്റെ പരിമിതിയാണ് ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നത്. അതേസമയം ആരോപണവിധേയനായ ടി.ഐ.മധുസൂദനനെതിരായ നടപടികളെല്ലാം പിന്‍വലിക്കാനും പാര്‍ടി തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതനുസരിച്ചാണെങ്കില്‍ അദ്ദേഹം ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെത്തും. അതേസമയം വി.കൃഞ്ഞികൃഷ്ണനെ വീണ്ടും ഏരിയാ സെക്രട്ടറിയാക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പാര്‍ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് പയ്യന്നൂരിലെ പുതിയ നേതൃത്വത്തെയും മറ്റ് നടപടികളും തീരുമാനിച്ചത്.