ആർഎസ്എസ് തലവൻ മോഹൻ ഭഗവത് വെള്ളിയാഴ്ച വൈകുന്നേരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അടച്ചിട്ട മുറിയിൽ 50 മിനിറ്റ് നേരം കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കേന്ദ്രീകരിച്ചായിരുന്നു ഭാഗവതും യോഗിയും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
അടുത്ത വർഷം ജനുവരിയിൽ അയോധ്യയിൽ നടക്കുന്ന അയോദ്ധ്യ രാമ ക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തെയും “രാമലല്ല”യുടെ പട്ടാഭിഷേക ചടങ്ങിനെയും കുറിച്ച് ആർഎസ്എസ് മേധാവി ചർച്ച ചെയ്തതായി പറയുന്നു. ഇതോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാ ചടങ്ങ് ആഘോഷിക്കാൻ ഭഗവത് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ യു പി യിൽ ബിജെപി തോറ്റ 14 ലോക്‌സഭാ സീറ്റുകളെ സംബന്ധിച്ച് ആണ് പ്രധാന രാഷ്ട്രീയ ചർച്ച. 14 ലോക്സഭാ സീറ്റുകളിലെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനൊപ്പം ഈ സീറ്റുകൾ ഉൾപ്പെടുന്ന ജില്ലകളിലെ ആർഎസ്എസ് നേതാക്കളുമായും മോഹൻ ഭാഗവത് പ്രത്യേക കൂടിക്കാഴ്ചകൾ നടത്തുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.
രാമക്ഷേത്രം തുറന്നുകൊടുക്കുന്ന ചടങ്ങുകളും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനുള്ള പദ്ധതികളും യോഗി ആദിത്യനാഥുമായുള്ള ചര്‍ച്ചയിലും ആര്‍.എസ്.എസ്.നേതാക്കളുമായുള്ള കൂടിയാലോചനകളിും ഉള്‍പ്പെടുന്നുണ്ടെന്നു അനുമാനിക്കുന്നു.
രാം ലല്ലയുടെ ചടങ്ങുമായി ജനങ്ങളെ ബന്ധിപ്പിക്കുന്നതിനായി രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളെ ബന്ധിപ്പിച്ച് ‘ശൗര്യ യാത്രകൾ’ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 15 വരെ നടത്താനുള്ള വിശ്വഹിന്ദു പരിഷത്തിന്റെ പദ്ധതിയെക്കുറിച്ചും ആർഎസ്എസ് മേധാവി ചർച്ച നടത്തി. ബജ്‌റംഗ് ദൾ രാജ്യത്തുടനീളമുള്ള എല്ലാ പ്രമുഖ നഗരങ്ങളിലുൾപ്പെടെ ഏകദേശം 2,281 യാത്രകൾ നടത്തും.