രാജ്യ തലസ്ഥാനത്ത് വൻ കവർച്ച. തെക്കുകിഴക്കൻ ഡൽഹിയിലെ ഭോഗൽ ഏരിയയിലെ ഒരു ജ്വല്ലറി ഷോറൂമിൽ കുറഞ്ഞത് മൂന്ന് അജ്ഞാതർ 25 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നു.
സിനിമാക്കഥയെ വെല്ലുന്ന സംഭവമാണ് ഉണ്ടായത്. നാല് നിലകളുള്ള കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ഗ്യാസ് കട്ടറിന്റെ സഹായത്തോടെ താഴേക്ക് തുരന്ന് അകത്ത് കടന്ന് ഗോവണിപ്പടിവഴി താഴത്തെ നിലയിലെത്തിയ മോഷ്ടാക്കൾ അവിടെ നിന്നാണ് ജ്വല്ലറി ഷോറൂമിലേക്ക് പ്രവേശിച്ചത്. ഒരു സൂചനയും അവശേഷിപ്പിച്ചില്ലെന്ന് ഉറപ്പാക്കാനായി മോഷ്ടാക്കൾ സിസിടിവി ക്യാമറകൾ തകർത്തിരുന്നു.

ജ്വല്ലറിയുടെ സ്‌ട്രോങ് റൂം സ്ഥിതി ചെയ്യുന്ന നിലയിലേക്ക് കൃത്യമായ അറിവോടെയാണ് കവര്‍ച്ചക്കാര്‍ തുരന്നിറങ്ങിയതെന്ന് പൊലീസ് അനുമാനിക്കുന്നു. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഉടമ കട തുറന്നപ്പോള്‍ മാത്രമാണ് മോഷണവിവരം അറിയുന്നുള്ളൂ. തിങ്കളാഴ്ച ഷോറൂം അടഞ്ഞു കിടക്കുകയായിരുന്നു. അതിനാല്‍ ഞായറാഴ്ച വൈകീട്ട് മുതല്‍ ധാരാളം സമയം മോഷ്ടാക്കള്‍ക്ക് ലഭിച്ചു. ചൊവ്വാഴ്ചയാണ് കട തുറന്നതെന്ന് “ഉംറാവു സിംഗ് ജ്വല്ലേഴ്‌സ്” ഉടമ സഞ്ജീവ് ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു.
സിസിടിവികള്‍ കവര്‍ച്ചക്കാര്‍ നശിപ്പിച്ചെങ്കിലും ചിലതില്‍ നിന്നും ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥ മേധാവി മാധ്യമങ്ങളോട് പറഞ്ഞു. മോഷ്‌ടാക്കൾക്ക് ഷോറൂമിനെക്കുറിച്ച് നന്നായി അറിയാമായിരുന്നുവെന്ന് മോഷണ സ്വഭാവം വെച്ച് അനുമാനിക്കുന്നതായി സമീപത്തെ കച്ചവടക്കാർ പറഞ്ഞു.