ഇന്ത്യയിൽ ആരോഗ്യ മേഖലയിൽ അപൂർവമായ ബഹുമതിയുമായി കേരളം. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ 2022-ലെ “ആരോഗ്യ മന്ഥന്‍” പുരസ്‌കാരം കേരളത്തിന്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീമിന്റെ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡിന് സംസ്ഥാനത്തെ അർഹമാക്കിയത്. “ആയുഷ്മാൻ ഭാരത്” വര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ ഹെല്‍ത്ത് അതോറിറ്റി ആരോഗ്യ മന്ഥന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെയും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെയും സംയുക്ത പരിപാടിയാണ് ആരോഗ്യ മന്ഥന്‍.
43.4 ലക്ഷം ഗുണഭോക്താക്കള്‍ക്കായി 1636.07 കോടി രൂപയാണ് കാരുണ്യ പദ്ധതി വഴി കേരള സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സ്-ല്‍ കുറിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നല്‍കാനായി. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. കാസ്പ് പദ്ധതി വഴി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 13 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 30 ലക്ഷത്തോളം ക്ലെയിമുകളിലൂടെ ചികിത്സ നല്‍കി. ഈ ഇനത്തില്‍ കേന്ദ്ര വിഹിതമായി കഴിഞ്ഞ വര്‍ഷം 151 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ബാക്കി വരുന്ന ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. നിലവില്‍ കാസ്പിന് കീഴില്‍ വരുന്ന 42 ലക്ഷം ഗുണഭോക്താക്കളില്‍ 20 ലക്ഷത്തിലധികം പേര്‍ പൂര്‍ണമായും സംസ്ഥാന ധനസഹായമുള്ളവരാണ്.