ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാമുകൻ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷംനൽകി കൊന്ന കേസിലാണ് ജാമ്യം. കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവര്‍ക്ക് നേരത്തേ ജാമ്യം നൽകിയിരുന്നു.
2022 ഒക്ടോബർ 14ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും കുടിച്ച് ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്നാണ് ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്. 10 മാസത്തെ ആസൂത്രണത്തിനുശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റപത്രം.
ഒന്നര വർഷത്തെ പ്രണയത്തിനൊടുവിലാണ് ഗ്രീഷ്മയും ഷാരോണുമായുള്ള ബന്ധത്തിൽ അകൽച്ച വരുന്നത്. തമിഴ്നാട് സ്വദേശിയായ സൈനികനുമായുള്ള വിവാഹം നിശ്ചയിച്ചതോടെ പ്രണയത്തിൽനിന്ന് പിന്മാറാൻ ഗ്രീഷ്മ തീരുമാനിച്ചു. രണ്ടു ജാതികളിലായതിനാൽ വീട്ടുകാർ സമ്മതിക്കില്ലെന്നു പറഞ്ഞെങ്കിലും പിന്മാറാൻ ഷാരോൺ തയാറായില്ല.
2021 ജനുവരി അവസാനം മുതൽ ഷാരോണിനെ കൊലപ്പെടുത്താനുള്ള ശ്രമം തുടങ്ങി. 2022 ഒക്ടോബർ 14ന് ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോൺ മരിച്ചത്.