തൃശൂർ ജില്ലയിലെ കരുവന്നൂർ ബാങ്കിലെ വൻ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷനെ ഇ.ഡി. അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ അരവിന്ദാക്ഷൻ ഇപ്പോൾ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്.
വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇതാദ്യമായാണ് ഒരു സിപിഎം നേതാവിനെ കസ്റ്റഡിയിലെടുക്കുന്നത്.
കരുവന്നൂര്‍ തട്ടിപ്പു കേസില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രിയും സിപിഎം സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ എ.സി. മൊയ്തീന്റെ ഏറ്റവും അടുപ്പക്കാരനായാണ് അരവിന്ദാക്ഷന്‍ അറിയപ്പെടുന്നത്.
ഇ.ഡി. ഈ മാസം 12-ന് അരവിന്ദാക്ഷനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തന്നെ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീകരമായി മര്‍ദ്ദിച്ചതായും പ്രമുഖ സിപിഎം നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായും കാണിച്ച് അരവിന്ദാക്ഷന്‍ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കകുകയും ചെയ്തിരുന്നു. മുളവടികൊണ്ടു തന്നെ തുടർച്ചയായി മർദിച്ചുവെന്നും കുനിച്ചുനിർത്തി കഴുത്തിലിടിച്ചെന്നും അരവിന്ദാക്ഷൻ ആരോപിക്കുകയുണ്ടായി.
സി.പി.എം. സംസ്ഥാന സമിതി അംഗങ്ങളായ എ.സി.മൊയ്തീനെയും എം.കെ.കണ്ണനെയും ഇ.ഡി. ചോദ്യം ചെയ്ത് വിട്ടയക്കുകയുണ്ടായി. അതു കൊണ്ടു തന്നെ അടുത്ത അറസ്റ്റുകള്‍ക്ക് സാധ്യത ഇവരിലേക്കാണ് നീളുന്നത് എന്ന് സി.പി.എം. സംശയിക്കുന്നുണ്ട്.
കരുവന്നൂർ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ.കണ്ണനെ ഇ.ഡി. ഇന്നലെ ചോദ്യം ചെയ്തത്.
കരുവന്നൂർ തട്ടിപ്പിലെ പ്രതി പി.സതീഷ്കുമാറിനു വേണ്ടി തൃശൂർ സഹകരണബാങ്കിൽ നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് എം.കെ.കണ്ണനെ ചോദ്യം ചെയ്തത്.