കോണ്‍ഗ്രസ് ഉള്‍പ്പെടെ രണ്ടു ഡസനിലേറെ പ്രതിപക്ഷ പാര്‍ടികള്‍ ചേര്‍ന്ന് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ‘ഇന്ത്യ’ എന്ന മുന്നണിയുടെ സംവിധാനത്തോട് സിപിഎം പൊളിറ്റ് ബ്യൂറോ എതിര്‍പ്പ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. മുന്നണിക്ക് തിരഞ്ഞെടുപ്പിനു മുമ്പ് സംഘടിതമായ ഒരു ഏകോപനസമിതി സംവിധാനം പോലുള്ളവ ആവശ്യമില്ലെന്നാണ് ഡല്‍ഹിയില്‍ ചേരുന്ന സിപിഎം ഉന്നതാധികാര സമിതി യോഗത്തില്‍ വന്ന ചര്‍ച്ചയെന്നു പറയുന്നു. ഇന്ത്യ മുന്നണി രൂപീകരിച്ച ഏകോപനസമിതിയോടാണ് സിപിഎമ്മിന് എതിര്‍പ്പ്.
മുംബൈയില്‍ നടന്ന കഴിഞ്ഞ മുന്നണിയോഗത്തിലാണ് ഏകോപനസമിതിക്ക് രൂപം കൊടുത്തിരുന്നത്. അന്ന് സിപിഎം പ്രതിനിധിയെ ഏകോപനസമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തങ്ങളുടെ പ്രതിനിധിയെ പിന്നീട് തീരുമാനിക്കാമെന്നായിരുന്നു സിപിഎം അന്ന് പറഞ്ഞത്. എന്നാല്‍ ഏകോപനസമിതിയില്‍ പാര്‍ടി പ്രതിനിധി വേണ്ട എന്നാണേ്രത പി.ബി.യോഗം തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലെ നേതാക്കളാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും വാര്‍ത്തയുണ്ട്. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ആ സാഹചര്യത്തില്‍ ഏകോപനസമിതിയില്‍ ഇരു പാര്‍ടികളും ഒന്നിച്ച് സഹകരിച്ച് ഇരിക്കുന്നതിനോടാണ് വിയോജിപ്പ് ഉയര്‍ന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വാഭാവികമായും ആരെങ്കിലും ഏകോപനസമിതി അംഗമായിരിക്കുമ്പോള്‍ ഒപ്പം ഇരിക്കാന്‍ സിപിഎമ്മിന് ബുദ്ധിമുട്ടുണ്ടാകും.
കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പോലെയല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെത്. അവിടങ്ങളില്‍ സി.പി.എം-കോണ്‍ഗ്രസ് ശത്രുത അപ്രസക്തമാണ്.
ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസുമായി സഖ്യമായാണ് തിരഞ്ഞെടുപ്പില്‍ സിപിഎം മല്‍സരിക്കുന്നത്.