മദ്യപാനത്തിന് നിയമപരമായ പ്രായം ഉള്ളതുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും പ്രായപരിധി ഏർപ്പെടുത്തിയാൽ അനുയോജ്യമായിരിക്കുമെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു.
ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ മന്ത്രാലയം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ പുറപ്പെടുവിച്ച ഉത്തരവ് തടഞ്ഞ ജൂൺ 30ലെ സിംഗിൾ ജഡ്ജി ഉത്തരവിനെതിരെ എക്‌സ് കോർപ് (മുൻ ട്വിറ്റർ) നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജി നരേന്ദർ, വിജയകുമാർ എ പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. എക്‌സ് കോർപ്പറേഷന് 50 ലക്ഷം രൂപയും കോടതി ചുമത്തിയിരുന്നു.
ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69A പ്രകാരം 2021 ഫെബ്രുവരി രണ്ടിനും 2022 ഫെബ്രുവരി 28 നും ഇടയിൽ 1,474 അക്കൗണ്ടുകൾ, 175 ട്വീറ്റുകൾ, 256 URL-കൾ, ഒരു ഹാഷ്‌ടാഗ് എന്നിവ ബ്ലോക്ക് ചെയ്യാൻ എക്സ്-നോട് നിർദ്ദേശിച്ചുകൊണ്ട് സർക്കാർ പത്ത് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇതിനെയാണ് എക്സ് കോർപ് ചോദ്യം ചെയ്തത്.
“സോഷ്യൽ മീഡിയ നിരോധിക്കുകയാണെങ്കിൽ ഒരുപാട് നല്ലത് വരുമെന്ന് ഞാൻ പറയും. സ്‌കൂളിൽ പോകുന്ന കുട്ടികൾ ഇതിന് അടിമകളാണ്. എക്‌സൈസ് നിയമങ്ങൾ പോലെയുള്ള പ്രായപരിധി സോഷ്യൽ മീഡിയ ഉപയോഗിക്കാനും ഉണ്ടായിരിക്കണമെന്ന് ഞാൻ വിചാരിക്കുന്നു”– ജസ്റ്റിസ് ജി നരേന്ദർ ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിൽ മാത്രമല്ല, ഇന്റർനെറ്റിലെ കാര്യങ്ങൾ പോലും നീക്കം ചെയ്യണം. സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി കൊണ്ടുവരുന്നത് സർക്കാർ പരിഗണിക്കണം.”–ജസ്റ്റിസ് ജി നരേന്ദർ അഭിപ്രായപ്പെട്ടു.