കോണ്‍ഗ്രസ് തുരുമ്പിച്ച ഇരുമ്പു പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. കോടികളുടെ അഴിമതിയുടെയും വോട്ട് ബാങ്ക് പ്രീണനത്തിന്റെയും ചരിത്രമുള്ള പരിവാർവാദി പാർട്ടിയാണ് കോൺഗ്രസ്. മഴയത്ത് വെച്ചാൽ തീരുന്ന, തുരുമ്പിച്ച ഇരുമ്പ് പോലെയാണ് കോൺഗ്രസ്സെന്നും മോദി പറഞ്ഞു.
ജനസംഘം സഹസ്ഥാപകൻ ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷിക ദിനത്തിൽ മധ്യപ്രദേശ് സംസ്ഥാനത്തുടനീളം നടത്തിയ ബിജെപിയുടെ ജൻ ആശിർവാദ് യാത്രകളുടെ ഔപചാരികമായ സമാപനത്തോടനുബന്ധിച്ച് ഭോപ്പാലിൽ സംഘടിപ്പിച്ച ‘കാര്യകർത്താ മഹാകുംഭം’ എന്ന് പേരിട്ട റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ പ്രതിച്ഛായ ഉപയോഗിച്ച് അധികാരത്തില്‍ തുടരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തിയുള്ള റാലികള്‍.
“കോൺഗ്രസ് ആദ്യം നശിച്ചു, പിന്നീട് പാപ്പരായി, ഇപ്പോൾ മറ്റുള്ളവരുമായി കരാർ ചെയ്തിരിക്കുന്നു. മുദ്രാവാക്യങ്ങൾ മുതൽ നയങ്ങൾ വരെ നഗര നക്‌സലുകൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന ഒരു കമ്പനിയായി കോൺഗ്രസ് മാറിയിരിക്കുന്നു. ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത് നഗര നക്‌സലുകളാണ്. അതേസമയം പാർട്ടിയുടെ യഥാർത്ഥ നേതാക്കൾ ഇത് നിശബ്ദമായും നിസ്സഹായതയോടെയും നോക്കിനിൽക്കുകയാണ്”.- മോദി ആഞ്ഞടിച്ചു.
കോൺഗ്രസും സഖ്യകക്ഷികളും ‘നാരി ശക്തി’യുടെ ശക്തി മനസ്സിലാക്കിയതിനാൽ വനിതാ സംവരണ ബില്ലിനെ പിന്തുണക്കാൻ നിര്ബന്ധിക്കപ്പെടുകയായിരുന്നു എന്നു പ്രധാനമന്ത്രി ആരോപിച്ചു. അവസരം ലഭിച്ചാൽ, പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ഈ ബില്ലിൽ നിന്ന് കോൺഗ്രസ് പിന്മാറുമെന്നും അദ്ദേഹം പരിഹസിച്ചു. സ്വന്തം താൽപര്യപ്രകാരം ജനങ്ങൾ ദരിദ്രരായി തുടരണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹമെന്നും മോദി വിമർശിച്ചു. “കോൺഗ്രസിന്റെ ഭരണകാലത്ത്, സമ്പന്നമായ വിഭവങ്ങളുള്ള മധ്യപ്രദേശിനെ ബിമാരു (പിന്നാക്ക) സംസ്ഥാനമാക്കി കോൺഗ്രസ് തള്ളിവിട്ടിരുന്നു. അവസരം ലഭിച്ചാൽ അവർ വീണ്ടും ബിമാരു ആക്കും. രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13. 5 കോടിയിലധികം ആളുകൾ ബിജെപി ഭരണത്തിന് കീഴിൽ ദാരിദ്ര്യത്തിൽ നിന്ന് കരകയറി.”– മോദി അവകാശപ്പെട്ടു .