കാനഡയിലെ സറേയിൽ സിഖ് വിഘടനവാദിയെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിനു അടിസ്ഥാനം ഇന്റലിജെൻസ് ഏജൻസികളുടെ ഡിജിറ്റൽ തെളിവു സൂചന അനുസരിച്ചെന്ന് കനേഡിയൻ മാധ്യമങ്ങൾ. കാനഡ അംഗമായ “ഫൈവ് ഐ” എന്ന അഞ്ചു രാഷ്ട്രങ്ങളുടെ ഇന്റലിജൻസ് നെറ്റ്‌വർക്കിൽ നിന്നുള്ള ഇന്റലിജൻസ് ഇൻപുട്ടുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇന്ത്യക്കെതിരെ പ്രതികരിച്ചതെന്ന് കനേഡിയൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ് എന്നിവ ഉൾപ്പെടുന്ന ഇന്റലിജൻസ് സഖ്യമാണ് “ഫൈവ് ഐ-സ്”(അഞ്ച് കണ്ണുകൾ ). ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ആശയവിനിമയങ്ങളും ഫൈവ്-ഐസ് നല്‍കിയ ഇന്റലിജന്‍സ് സൂചനകളുമാണ് കാനഡയുടെ ആരോപണത്തിന് അടിസ്ഥാനമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാനി തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം അത്യധികം വഷളാക്കിയിരിക്കയാണ്. ജസ്റ്റിൻ ട്രൂഡോ തന്റെ നിലപാട് ആവർത്തിച്ചു കൊണ്ടേയിരിക്കയാണ്. 2020ൽ ഇന്ത്യ പിടികിട്ടാപ്പുള്ളിയായ ഭീകരനായി പ്രഖ്യാപിച്ചിരുന്ന വ്യക്തിയാണ് നിജ്ജാർ.