ശൈശവ വിവാഹത്തിനെതിരായ നീക്കത്തിന്റെ രണ്ടാം ഘട്ടത്തിൽ അടുത്ത 10 ദിവസത്തിനകം 2,000 മുതൽ 3,000 വരെ പുരുഷന്മാരെ അസം സർക്കാർ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു. ഞായറാഴ്ച ബി.ജെ.പി മഹിളാ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്.
“അഞ്ച് മാസം മുമ്പ് ശൈശവ വിവാഹ കേസുകളിൽ 5,000 പേരെ അറസ്റ്റ് ചെയ്തു. അടുത്ത 10 ദിവസത്തിനുള്ളിൽ 2,000 മുതൽ 3,000 വരെ പുരുഷന്മാരെ കൂടി അറസ്റ്റ് ചെയ്യും. ശൈശവവിവാഹം അവസാനിപ്പിക്കണം”–ശർമ്മ പറഞ്ഞു.
“ഞാൻ മുസ്ലീം വിരുദ്ധനാണെന്ന് ചിലർ പറയുന്നു. എന്നിരുന്നാലും ശൈശവ വിവാഹവും ബഹുഭാര്യത്വവും അവസാനിപ്പിക്കാൻ ഞാൻ ചെയ്ത അത്രയധികം പ്രവർത്തനങ്ങൾ കോൺഗ്രസ് ചെയ്തിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. കോൺഗ്രസ് മുസ്ലീം സമൂഹത്തെ വോട്ട് ബാങ്കാക്കി. എന്നാൽ സ്ത്രീകൾക്ക് ചൂഷണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു”– അസം മുഖ്യമന്ത്രി പറഞ്ഞു.
ശൈശവ വിവാഹ കേസുകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3,907 പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് മുഖ്യമന്ത്രി തിങ്കളാഴ്ച സംസ്ഥാന നിയമസഭയിൽ പറഞ്ഞിരുന്നത്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ഹിന്ദുക്കളും മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരും അറസ്റ്റിലായിട്ടുണ്ട്.