ആർ എസ് എസിന്റെ മുതിർന്ന നേതാവ് എസ് സേതുമാധവൻ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി ചങ്ങനാശേരി എൻ എസ് എസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. വി എച്ച് പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, അയ്യപ്പ സേവാ സമാജം പ്രതിനിധി എസ് ജെ ആർ കുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. എ എൻ ഷംസീറിന്റെ വിവാദ പരാമർശത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരത്ത് എൻ എസ് എസിന്റെ നേതൃത്വത്തിൽ നടത്തിയ നാമജപയാത്രയിൽ ആർ എസ് എസ് അടക്കമുള്ള സംഘടനകളും ഭാഗമായിരുന്നു.
നാമജപയാത്രയ്ക്കെതിരെ പൊലീസ് കേസെടുത്തതും പുതിയ ചർച്ചയായി. എൻഎസ്എസിനെ ഇത് വീണ്ടും കൂടുതൽ പ്രകോപിപ്പിച്ചിരിക്കയാണ്. എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് കേസിൽ ഒന്നാം പ്രതി. ആയിരത്തിലധികം പേർക്കെതിരെയാണ് കേസ് . കന്റോൺമെന്റ് ,ഫോർട്ട് പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്.പൊലീസിന്റെ നിർദേശം ലംഘിച്ച് സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചു, കാൽനടയാത്രക്കാർക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കി എന്നിവയാണ് എഫ് ഐ ആറിൽ പറയുന്ന കുറ്റങ്ങൾ.
