മെയ് മൂന്നിന് മണിപ്പൂര്‍ കത്തിയെരിയാന്‍ തുടങ്ങിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി മണിപ്പൂരിനെക്കുറിച്ച് കുറച്ചു നേര്ം സംസാരിച്ചു. ലോക്‌സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മറുപടി പറയാന്‍ നിര്‍ബന്ധിതനായ മോദിക്ക് ഒടുവില്‍ മൗനം വെടിയേണ്ടിവന്നു. പ്രതിപക്ഷം എന്താണോ പറഞ്ഞത് അത് സാധിച്ചു എന്നു പറയാം.
ലോക്‌സഭയില്‍ ഒന്നര മണിക്കൂറിലേറെ പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും ഇന്‍ഡ്യ സ്ഖ്യത്തെയും രാഹുല്‍ഗാന്ധിയെയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടും മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചില്ല. അതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് ബിജെപിയുടെയും സഖ്യകക്ഷികളുടെയും അംഗങ്ങള്‍ മാത്രമായി. എല്ലാത്തിനും ആരവം മുഴക്കി അവര്‍ മോദിക്ക് പിന്തുണ നല്‍കി.
തുടര്‍ന്ന് മോദി മണിപ്പൂരിനെക്കുറിച്ച് പരാമര്‍ശിച്ചു തുടങ്ങി. മണിപ്പൂരിനെക്കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിയോടി എന്ന് മോദി പരിഹസിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി മണിപ്പൂരിനക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: “മണിപ്പൂരിനൊപ്പമാണ് നമ്മളെല്ലാവരും. ഇന്ത്യ മണിപ്പൂരിലെ സ്ത്രീകള്‍ക്കും പെണ്‍മക്കള്‍ക്കും ഒപ്പമാണ്. കേന്ദ്രവും സംസ്ഥാനവും ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. അവിടെ സമാധാനം കൈവരും. കോണ്‍ഗ്രസ് വടക്കു-കിഴക്കന്‍ മേഖലയെ മറന്നു. നെഹ്‌റു അവിടെ വികസനം തടഞ്ഞു. മിസോറാമില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആകാശത്തു നിന്നും ബോംബ് വര്‍ഷിച്ചു.”
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പട്ടികയും പ്രധാനമന്ത്രി നിരത്തി. വൈകാരിക സ്വരത്തില്‍ സംസാരിച്ച മോദി സ്വന്തം അംഗങ്ങളെക്കൊണ്ട് ഒരോ മുദ്രാവാക്യസദൃശമായ വാക്യങ്ങള്‍ക്കും ആര്‍പ്പു വിളിപ്പിക്കുകയും ചെയ്തത് പ്രസംഗത്തിനിടയിലെ കൗതുകക്കാഴ്ചയായി.