തിരുത്തേണ്ടതോ മാപ്പ് പറയേണ്ടതോ ആയ ഒരു കാര്യവും എ.എന്‍.ഷംസീര്‍ പറഞ്ഞിട്ടില്ലെന്നും വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിരകയറേണ്ടതില്ലെന്നും എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു പോകാന്‍ അവസരമുണ്ടെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
‘വി.ഡി.സതീശന് സംശയമുണ്ടെങ്കില്‍ അദ്ദേഹം സ്വന്തം നേതാവ് നെഹ്‌റു എഴുതിയത് വായിച്ചു നോക്കിയിട്ട് പറയണം. ഗണപതിക്ഷേത്രത്തിലെ വഴിപാടിനെ സി.പി.എമ്മിന് ഒരെതിര്‍പ്പുമില്ല. എന്നാല്‍ അത് രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേ എന്ന് സംശയമുണ്ട്. ഷംസീറിന്റെ പ്രസംഗം ദുര്‍വ്യാഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നു. ചരിത്രത്തെ കാവിവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നു. വിചാര ധാരകള്‍ ഇറങ്ങിവരട്ടെ എന്നാണ് വി.ഡി.സതീശന്‍ പറഞ്ഞത്. ഏത് വിചാരധാരയാണ് സതീശന്റെ ഉള്ളിലുള്ളത്. അത് ഗോള്‍വാള്‍ക്കറുടെ വിചാരധാരയായിരിക്കും.
കേരളം പരശുരാമസൃഷ്ടിയാണെന്ന് ഐത്യഹ്യമുണ്ട്. ഗോകര്‍ണത്തു നിന്നും കന്യാകുമാരിയിലേക്ക് മഴു എറിഞ്ഞ് കര ഉണ്ടാക്കി, അത് ബ്രാഹ്‌മണരെ ഏല്‍പിച്ചു എന്നാണ് ഐതിഹ്യത്തില്‍ പറയുന്നത്. അപ്പോ ബ്രാഹ്‌മണാധിപത്യം മുതലാണോ കേരളം നിലവില്‍ വന്നത്. അല്ല. അതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളം ഉണ്ടായിരുന്നില്ലേ. ഇക്കാര്യം പറഞ്ഞ് പരശുരാമകഥ കെട്ടുകഥ മാത്രമാണെന്ന് പറഞ്ഞ് പുസ്തകം എഴുതിയത് മറ്റാരുമല്ല, കാവി ഉടുക്കാത്ത മഹാനായ ഹിന്ദു സന്യാസി വര്യനായ ചട്ടമ്പി സ്വാമികളാണ്. മിത്തുകളെ മിത്തുകളായി കാണണം എന്നാണ് സി.പി.എമ്മിന്റെ പക്ഷം.’-ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗണപതിയെക്കുറിച്ച് പറഞ്ഞത് ഞങ്ങളല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പ്ലാസ്റ്റിക് സര്‍ജറി നടത്തിയാണ് ഗണപതി ഉണ്ടായത് എന്ന് പറഞ്ഞത് മോദിയാണ്. അത് ശാസ്ത്രീയമായ കാര്യമല്ല എന്ന് മാത്രമാണ് ഷംസീര്‍ പറഞ്ഞത്. അതിലെന്താണ് തെറ്റ്. അന്ന് നടത്തി എന്ന് അവകാശപ്പെടുന്ന പ്ലാസ്റ്റിക് സര്‍ജ്ജറി, ഇന്നത്തെയല്ല, അത് ശാസ്ത്രമേയല്ല. മിത്തും വിശ്വാസവും വ്യത്യസ്തമാണ്. വിശ്വാസികള്‍ അവരുടെ വിശ്വാസം അനുസരിച്ച് ആരാധന നടത്തുന്നതില്‍ ആര്‍ക്കും പ്രശ്‌നമില്ല. അതിനെ ആരും ചോദ്യം ചെയ്തിട്ടുമില്ല. ഗണപതിയുടെ കാര്യം ഒരു മിത്ത് ആണ്. അതിനെ ശാസ്ത്രവുമായി ചേര്‍ത്ത് കെട്ടുന്നതിന് ഞങ്ങള്‍ എതിരാണ്.-ഗോവിന്ദന്‍ വ്യക്തമാക്കി.