ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെ ഭാഗമായ അതിക്രമങ്ങള്‍ തുടരുകയാണ്. ബിജെപി സര്‍ക്കാരിന്റെ നടപടികള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുമ്പോഴും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമികള്‍ നിരന്തരം നീങ്ങുന്ന കാഴ്ചയാണ് ഒരാഴ്ചയായി ഗുരുഗ്രാമിലും നൂഹിലും.
തിങ്കളാഴ്ച പുലർച്ചെ ഗുരുഗ്രാമിലെ ഒരു ഗ്രാമത്തിലെ മസാറിൽ അജ്ഞാതരായ ഒരു സംഘം തീയിട്ടതായി പോലീസ് പറഞ്ഞു. മുസ്ലീങ്ങളും ഹിന്ദുക്കളും സന്ദർശിക്കുന്ന ആരാധനാലയമാണ് ഇത്. ദേവാലയത്തിൽ അകത്തെ ചുവരുകളിൽ ഒരു “പീർ ബാബ”യുടെ ശവകുടീരത്തോടൊപ്പം ഹിന്ദു ദേവതകളുടെ ചിത്രങ്ങളും ഉണ്ട്. പുറം ഭിത്തിയിലും ഒരു ഹിന്ദു ദേവന്റെ ചിത്രവും ഓം, സ്വസ്തിക ചിഹ്നങ്ങളും ഉണ്ട്.
പ്രദേശവാസികൾ എത്തും മുമ്പ് ചില പ്രാർത്ഥനാ സാമഗ്രികൾ കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച നൂഹ് ജില്ലയിൽ ആരംഭിച്ച വർഗീയ സംഘർഷങ്ങൾ കണക്കിലെടുത്ത് നിരോധന ഉത്തരവുകൾ ഗുരുഗ്രാമിൽ നിലവിലിരിക്കെയാണ് സംഭവം നടന്നത്.
ഗുരുഗ്രാമില്‍ ഏതാനും ദിവസം മുമ്പ് ഒരു മുസ്ലീം പള്ളി ആക്രമിക്കപ്പെടുകയും അവിടുത്തെ പുരോഹിതന്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി രതിവാസ് ഗ്രാമത്തിന് സമീപമുള്ള ഒരു ഭക്ഷണശാല കത്തിച്ച സംഭവവും ഉണ്ടായി.