മണിപ്പൂർ വിഷയം സംബന്ധിച്ച് കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയം പ്രതിക്ഷ സഖ്യമായ ഇന്ത്യ ലോക് സഭയിൽ അവതരിപ്പിച്ചു. കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയാണ് പ്രമേയം അവതരിപ്പിച്ചത്. അവിശ്വാസ പ്രമേയത്തിൽ മൂന്ന് ചോദ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. എന്തുകൊണ്ട് മണിപ്പൂരിൽ പോയില്ല. മൗനം വെടിയാൻ എന്തുകൊണ്ട് 80 ദിവസം വേണ്ടി വന്നു. മണിപ്പൂർ മുഖ്യമന്ത്രിയെ എന്തിനാണ് സംരക്ഷിക്കുന്നത് എന്നീ ചോദ്യങ്ങളാണ് മോദി സർക്കാരിനോട് ഗൗരവ് ഗൊഗോയി ചോദിച്ചത്. മണിപ്പൂർ കത്തുന്നത് ഇന്ത്യ കത്തുന്ന പോലെയാണെന്ന് ഗൗരവ് ഗൊഗോയ് അഭിപ്രായപ്പെട്ടു.
മോദി സര്‍ക്കാരിനെതിരെയും മണിപ്പൂര്‍ സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഗൊഗോയ് ഉന്നയിച്ചത്.
“രാജ്യമാണ് കത്തുന്നത്. രണ്ട് വിഭാഗങ്ങൾ ഇങ്ങനെ ഏറ്റുമുട്ടുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. മണിപ്പൂരിലെ ഡബിൾ എഞ്ചിൻ സർക്കാർ പരാജയമാണ്. ഏക ഇന്ത്യയെന്ന് പറഞ്ഞവർ മണിപ്പൂരിനെ രണ്ടാക്കി. പ്രധാനമന്ത്രിയുടെ മൗനം അവസാനിപ്പിക്കാനാണ് ഈ പ്രമേയം” എന്ന് ഗൌരവ് ഗൊഗോയ് പറഞ്ഞു.
മണിപ്പൂരിലെ സ്ഥിതി വഷളാക്കിയത് മുഖ്യമന്ത്രി ബീരേൻ സിംഗാണ്. കേന്ദ്രസർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ്. 30 സെക്കന്റ് മാത്രമാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത്. വീഡിയോ വൈറൽ ആയില്ലായിരുന്നെങ്കിൽ മോദി ഇപ്പോഴും മൗനം പാലിക്കുമായിരുന്നു. എന്താണ് നടക്കുന്നതെന്ന് ബിജെപി നേതാക്കൾ തന്നെ ചോദിക്കുന്നു. കലാപകാരികൾ സുരക്ഷാസേനയുടെ ആയുധങ്ങൾ കൊള്ളയടിക്കുകയാണ്. മണിപ്പൂർ മന്ത്രിമാർക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ട്. പാർലമെന്റ് മണിപ്പൂരിനൊപ്പം നിൽക്കണമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.
മോദി സർക്കാർ രാജ്യത്തെ കോടിശ്വരന്മാരുടെ വികസനം ആഗ്രഹിക്കുമ്പോൾ ഞങ്ങൾ ആഗ്രഹിക്കുന്നത് രാജ്യത്തിന്റെ വികസനമാണ് എന്നും ഗൗരവ് ഗൊഗോയ് ആഞ്ഞടിച്ചു.
കേന്ദ്ര സർക്കാരിന് എതിരായ ഇൻഡ്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും നാളെയുമാണ് ചർച്ച ചെയ്യുക. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും.