സംസ്ഥാനത്തിന് രണ്ട് പുതിയ ട്രെയിനുകള്‍ കൂടെ അനുവദിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയം. വേളാങ്കണ്ണി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. കൊല്ലത്ത് നിന്നാണ് തിരുപ്പതിയിലേക്കുള്ള ട്രെയിന്‍, വേളാങ്കണ്ണിക്ക് എറണാകുളത്ത് നിന്നും. ഇതിന് പുറമെ പാലക്കാട് – തിരുന്നല്‍വേലി എക്സ്പ്രസ് തൂത്തൂക്കുടിയിലേക്ക് നീട്ടാനും തീരുമാനമായി.
എറണാകുളം – വേളങ്കണ്ണി സര്‍വീസ് തിങ്കള്‍, ശനി ദിവസങ്ങളിലാണ്. ചൊവ്വ, ഞായര്‍ ദിവസങ്ങളിലാണ് തിരിച്ചുള്ള ട്രെയിനുകള്‍. ഉച്ചക്ക് 12.35നു പുറപ്പെടുന്ന ട്രെയിൻ പുലര്‍ച്ചെ 5.50-ന് വേളാങ്കണ്ണിയിലെത്തും. വൈകുന്നേരം 6.30-ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണിക്ക് എറണാകുളത്തെത്തും.
ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് തിരുപ്പതിയില്‍ നിന്ന് കൊല്ലം വരെയുള്ള സര്‍വീസ്. ബുധന്‍, ശനി ദിവസങ്ങളിലാണ് തിരിച്ചുള്ള സര്‍വീസ്. കൊല്ലത്ത് നിന്ന് രാവിലെ 10 മണിക്കാണ് ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. അടുത്ത ദിവസം പുലര്‍ച്ചെ 3.20 ട്രെയിന്‍ തിരുപ്പതിയിലെത്തും. തിരുപ്പതിയില്‍ നിന്ന് ഉച്ചതിരിഞ്ഞ് 2.40-ന് ആരംഭിക്കുന്ന യാത്ര അടുത്ത ദിവസം രാവിലെ 6.20-ന് കൊല്ലത്തെത്തും. സേലം, പാലക്കാട്, തൃശൂര്‍, കോട്ടയം വഴിയാണ് ഈ ട്രെയിൻ ഓടുക.