1.72 കോടി രൂപയേക്കാൾ വലിയ തുക വീണാ വിജയൻ കൈപ്പറ്റിയെന്ന് പുതിയ ആരോപണവുമായി മാത്യു കുഴൽനാടൻ. ഒറ്റ കമ്പനിയിൽ നിന്നുള്ള ഒരു കണക്ക് മാത്രമാണ് ഇപ്പോൾ പൊതുസമൂഹത്തിന് മുന്നിലുള്ളതെന്നും എന്നാൽ ഇതിലും എത്രയോ വലിയ തുകയാണ് ആകെ എടുത്താൽ വീണ കൈപ്പറ്റിയതെന്നും കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ‘കഴിഞ്ഞ രണ്ട് ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്തത്? കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ്. വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ മുഖ്യ സേവനമെന്നാണ് എക്സാലോജിക് അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ, കരിമണൽ കമ്പനിക്ക് എന്തിനാണ് സ്കൂളുകൾക്കുള്ള സോഫ്റ്റ്‌വെയർ? വീണ ഏതൊക്കെ കമ്പനികളിൽനിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങൾക്കാണ് പണം വാങ്ങിയതെന്നും പറയണം. എന്തുകൊണ്ടാണ് വീണയും കമ്പനിയും ജിഎസ്ടി അക്കൗണ്ടുകൾ ക്ലോസ് ചെയ്തത്?’- കുഴൽനാടൻ ചോദിച്ചു.
നികുതി അടച്ചിട്ടുണ്ടോ എന്നതല്ല പ്രധാനം. കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ച് 50 ലക്ഷം രൂപയുടെ നികുതി ഒരു നക്കാപ്പിച്ച ആയിരിക്കാം. പക്ഷേ, അതല്ല ഇവിടെ വിഷയം. കേരളത്തിൽ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയുമാണ്. അന്ന് തുടങ്ങിയ പോരാട്ടമാണ് എന്റേത്. ഏത് കുറ്റകൃത്യത്തിലും തെളിവിനുള്ള ഒരു സൂചന ബാക്കിയാകുമെന്ന് പറയാറുണ്ട്. ആ നിലയ്ക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്.- – കുഴൽനാടൻ പറഞ്ഞു.