രാജസ്ഥാനിലെ കോട്ടയിൽ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രം എന്ന നിലയിൽ പ്രശസ്തമായ കോട്ടയിൽ ഈ വർഷം നടക്കുന്ന 17-ാമത്തെ ആത്മഹത്യയാണിത്.
ഉത്തർപ്രദേശിലെ രാംപൂർ നിവാസിയായ മൻജോത് ഛബ്ര ആണ് മരിച്ചത്. ഈ കുട്ടി ഈ വർഷം ആദ്യം നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കോട്ടയിലെ ഒരു കോച്ചിംഗ് സെന്ററിൽ ചേർന്നിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു വിദ്യാർത്ഥിയായ പുഷ്പേന്ദ്ര സിംഗ് തൂങ്ങി മരിച്ചിരുന്നു. നീറ്റിന് തയ്യാറെടുക്കാൻ ഒരാഴ്ച മുമ്പ് നഗരത്തിലെത്തിയ ഇയാൾ ബന്ധുവിനോപ്പം ഹോസ്റ്റലിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമ്മർദ്ദവും പരാജയത്തിന്റെ നിരാശയും കാരണം ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളുടെ വാർത്തകളാൽ കോട്ട എന്ന സ്ഥലം ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ 15 വിദ്യാർത്ഥികളുടെ ആത്മഹത്യാ കേസുകളെങ്കിലും കോട്ടയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.