മണിപ്പൂരിൽ ക്രമസമാധാനവും ഭരണഘടനാ സംവിധാനങ്ങളും പൂർണമായി തകർന്നിരിക്കുകയാണെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം ‘വൈകിയതും ‘ ‘വളരെ അലസവും’ ആണെന്ന് കോടതി വിശേഷിപ്പിച്ചു.
“അന്വേഷണം വളരെ അലസമാണ്. ഇത്രയും കാലം കഴിഞ്ഞിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നു, എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ല. മൊഴികൾ രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് ക്രമസമാധാനവും ഭരണഘടനാ സംവിധാനങ്ങളും പൂർണ്ണമായും തകർന്നിരിക്കുന്നു” –ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു.
ഇതുവരെ രജിസ്റ്റർ ചെയ്ത ആറായിരത്തിലധികം എഫ്‌ഐആറുകളിൽ എത്ര പ്രതികളുടെ പേരുകൾ ഉണ്ടെന്നും അവരുടെ അറസ്റ്റിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും അറിയിക്കാൻ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.