നടുറോഡില്‍ യുവതിയെ വിവസ്ത്രയാക്കി യുവാവിന്റെ അതിക്രമം. ഹൈദരാബാദിലെ ജവഹർ നഗർ ഏരിയയിൽ റോഡിൽ വെച്ച് തന്റെ മാതാവ് നോക്കിനില്‍ക്കെയായിരുന്നു യുവാവിന്റെ അതിക്രമം. യുവതിയുടെ വസ്ത്രം ഇയാൾ വലിച്ചുകീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ സമീപത്തെ തുണിക്കടയിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ യുവാവ് മോശം രീതിയിൽ സ്പർശിച്ചു. യുവതി ഇതിനെതിരെ പ്രതികരിച്ചപ്പോൾ രോഷാകുലനായ ഇയാൾ പെൺകുട്ടിയുടെ വസ്ത്രം വലിച്ചുകീറുകയായിരുന്നു.
ഇരുചക്രവാഹനത്തിൽ അതുവഴി പോവുകയായിരുന്ന മറ്റൊരു സ്ത്രീ പ്രതിയെ തടയാൻ ശ്രമിച്ചപ്പോൾ അയാൾ അവരെയും ആക്രമിച്ചു.
പതിനഞ്ച് മിനിറ്റോളം വിവസ്ത്രയായി യുവതിക്ക് റോഡില്‍ കിടക്കേണ്ടിവന്നു. പിന്നീട് ചില വഴിയാത്രക്കാരായ സ്ത്രീകള്‍ താര്‍പോളിന്‍ ഷീറ്റുകൊണ്ട് പുതപ്പിച്ചശേഷം യുവതിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. മകന്റെ അതിക്രമം തടയാതിരുന്ന ഇയാളുടെ മാതാവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സെക്ഷൻ 354 (ബി), 323, 506 ആർ/ഡബ്ല്യു 34, എന്നിവകുപ്പുകൾ പ്രകാരമാണ് കേസ്.
രാജ്യത്ത് സ്ത്രീകൾ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് പ്രദേശവാസികളായ സ്ത്രീകൾ പറഞ്ഞു. മണിപ്പൂരിൽ സ്ത്രീകളെ നഗ്നയാക്കി നടത്തിച്ച സംഭവത്തിന് രണ്ട് മാസത്തിനു ശേഷമാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഇത് ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു.