കർണാടകയിൽ നിന്നുള്ള നാലു പോലീസുകാരെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഇൻസ്‌പെക്ടർ ഉൾപ്പെടെ നാല് കർണാടക പോലീസുകാരെയാണ് കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. കർണാടകയിൽ രജിസ്റ്റർ ചെയ്ത ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കേരളത്തിൽ നിന്നുള്ള രണ്ട് പ്രതികളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കർണാടക പോലീസുകാരെ കസ്റ്റഡിയിലെടുത്തത്.
അഖിൽ, നിഖിൽ എന്നിവരെ കർണാടക പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ഇവരെ മോചിപ്പിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്തു. ഓരോരുത്തരോടും 25 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പ്രതികളിൽ ഒരാൾ ഒരു ലക്ഷം രൂപയും മറ്റൊരാൾ 2.95 ലക്ഷം രൂപയും നൽകിയെന്നാണ് റിപ്പോർട്ട്.
കർണാടക പോലീസ് പുറപ്പെടുവിച്ച പ്രസ്താവന പ്രകാരം, ജൂൺ 14 ന് വൈറ്റ്ഫീൽഡ് സെൻട്രൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് നാലംഗ സംഘം കേരളത്തിലേക്ക് യാത്രതിരിച്ചു. കേസിലെ പരാതിക്കാരനായ ചന്ദക ശ്രീകാന്തിന് തട്ടിപ്പിനിരയായി 26 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണം കേരളത്തിലെ നൗഷാദ് എന്ന വ്യക്തിയിലേക്കെത്തിച്ചു.
ആഗസ്റ്റ് ഒന്നിന് കേരളത്തിലെ വേങ്ങരയിൽ നിന്ന് നൗഷാദിനെ വൈറ്റ്ഫീൽഡ് പോലീസ് സംഘം പിടികൂടി. തുടർന്ന് മറ്റ് രണ്ട് പ്രതികളായ എറണാകുളത്ത് നിന്നുള്ള അഖിൽ, നിഖിൽ എന്നിവരെയും കസ്റ്റഡിയിലെടുത്തു. മൂന്ന് പ്രതികളെ പിടികൂടിയ വിവരം ഉദ്യോഗസ്ഥർ കൊച്ചി പള്ളുരുത്തി പോലീസ് സ്റ്റേഷനിലും അറിയിച്ചിരുന്നു.
എന്നാൽ കർണാടക സംഘത്തിന്റെ കാർ കവർച്ച നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കളമശേരി എസ്എച്ച്ഒയെ അന്വേഷണത്തിന് ഏൽപ്പിച്ചു. കാർ റോഡരികിൽ പാർക്ക് ചെയ്തതായി എസ്എച്ച്ഒ കണ്ടെത്തി, സംശയാസ്പദമായ സാഹചര്യത്തിൽ സമീപത്ത് നിൽക്കുന്ന നാല് ഉദ്യോഗസ്ഥരെയും മൂന്ന് പ്രതികളെയും കണ്ടെത്തി. പരിശോധനയിൽ, കാറിൽ നിന്ന് 3.95 ലക്ഷം രൂപയും ഉണ്ടായിരുന്നു . ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ ബെംഗളൂരു ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.
അതേസമയം, തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് കളമശ്ശേരി പോലീസിനോട് അഖിൽ പറഞ്ഞു. തുടർന്ന് കേരളാ പൊലീസ് കർണാടക പൊലീസ് സംഘത്തെ കാർ സഹിതം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കേസിന്റെ നടപടികൾ കൊച്ചി ഡിസിപി എസ് ശശിധരനുമായി ചർച്ച ചെയ്യാൻ കർണാടകയിൽ നിന്നുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച എറണാകുളത്തെത്തി. അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തണമോ അതോ പ്രതികളെ കർണാടകയ്ക്ക് കൈമാറണമോ എന്ന കാര്യത്തിൽ കേരള പോലീസ് നിയമോപദേശം തേടിയിരുന്നു.