കേരള നിയമസഭയുടെ നടപ്പു സമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതിയില്‍ തീരുമാനം. നാളെ അതായത് വ്യാഴാഴ്ച സമ്മേളനം പിരിയും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സപ്തംബര്‍ അഞ്ചിന് തീരുമാനിച്ചതാണ് സമ്മേളനക്കാലയളവ് ചുരുക്കാന്‍ ഇടയാക്കിയത്.
എന്നാൽ പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് രേഖാമൂലം ആവശ്യപ്പെട്ടു.. മണർകാട് പള്ളി പെരുന്നാളിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആൾക്കാർ വരുമെന്നും, ഈ തിരക്ക് പരിഗണിച്ച് തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്നാണ് കോൺഗ്രസിന്റെ അപേക്ഷ. തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പാർട്ടി അപേക്ഷ നൽകിയിട്ടുണ്ട്. സെപ്തംബർ ഒന്നുമുതൽ എട്ട് വരെ മണർക്കാട് ജനങ്ങളെക്കൊണ്ട് നിറയും. ഗതാഗതക്കുരുക്കും ഉണ്ടാകും.
നാല് പോളിംഗ് ബൂത്തുകൾ സ്ഥിതി ചെയ്യുന്നത് മണർക്കാട് പള്ളിക്ക് സമീപമുള്ള സ്‌കൂളുകളിലാണ്. പെരുന്നാൾ ദിവസം തിരഞ്ഞെടുപ്പ് നടത്തുകയെന്നത് ഏറെ ശ്രമകരമായിരിക്കുമെന്നും അപേക്ഷയിൽ പറയുന്നു.