എ.എന്‍.ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിൽ കോടിയേരി കാരാല്‍ തെരുവ് ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ 64 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.

സമൂഹമാധ്യമത്തിലൂടെ ഷംസീർ തന്നെയാണ് ഇതറിയിച്ചത്. എന്‍.എസ്.എസ്. ഉയര്‍ത്തുകയും ബിജെപി ഏറ്റുപിടിച്ച് വലിയൊരു കോലാഹലത്തിലേക്കെത്തിക്കുകയും ചെയ്ത ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി സംബന്ധിച്ച മിത്ത്-ശാസ്ത്ര വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഷംസീറിന്റെ സമൂഹമാധ്യമ കുറിപ്പ് ചര്‍ച്ചയായി. സ്വാഭാവികമായി നേരത്തെ നല്‍കിയ പദ്ധതി രേഖയുടെ ഭാഗമായ ഭരണാനുമതിയാണ് ക്ഷേത്രക്കുള നവീകരണത്തിന് കിട്ടിയതെങ്കിലും മുന്‍ വിവാദത്തിന്റെ സാഹചര്യത്തില്‍ യാദൃശ്ചികമായ കൗതുകവും അതിന്റെ ഭാഗമായ കമന്റുകളും സമൂഹമാധ്യമത്തില്‍ ഉയരുന്നുണ്ട്.
“തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും.”–ഇതാണ് ഷംസീറിന്റെ കുറിപ്പ്. ഇതോടൊപ്പം ക്ഷേത്രക്കുളത്തിന്റെ വീഡിയോയും പങ്കു വെച്ചിട്ടുണ്ട്.