കാർ കത്തി യുവാവ് മരിച്ച സംഭവത്തിൽ അപകടകാരണം കാറിലുണ്ടായിരുന്ന സ്‌പ്രയെന്ന് ഫോറൻസിക് സംഘം. സ്‌പ്രേയിലേയ്ക്ക് സിഗരറ്റ് ലൈറ്ററിൽ നിന്ന് തീ പടർന്നതാണോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ക്യബിനിൽ നിന്ന് തന്നെയാണ് തീ പടർന്നതെന്നാണ് നിഗമനം. കാർ പരിശോധിച്ച ഫോറൻസിക് സംഘം ഉടൻ പൊലീസിന് റിപ്പോർട്ട് നൽകും.
മരിച്ച കൃഷ്ണപ്രകാശ് ശ്വാസതടസത്തിന് ചികിത്സ തേടിയിരുന്നതിനാൽ ഇൻഹെയിലറുകൾ കാറിൽ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോ അപകടത്തിന് പിന്നിലെന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇൻഹെയിലറുകൾ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതിനൊപ്പം കൃഷ്ണപ്രകാശിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടല്ല അപകടത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഞായറാഴ്‌ച രാത്രി 12.45ഓടെയാണ് കണ്ടിയൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന കാരാഴ്‌മ കിണറ്റുംകാട്ടിൽ കൃഷ്‌ണപ്രകാശ് (കണ്ണൻ-35) കാർ തീപിടിച്ച് മരിക്കാനിടയായത്.