ഇന്നലെ ജയ്പൂര്‍-മുംബൈ എക്‌സ്പ്രസ് ട്രെയിനില്‍ നാല് പേരെ വെടിവെച്ചു കൊന്ന റെയില്‍വേ സംരക്ഷണ സേനാംഗം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയാണ് വെടിവെപ്പ് നടത്തിയതെന്ന് വീഡിയോ തെളിവുകള്‍. മുസ്ലീങ്ങള്‍ക്കെതിരെ പ്രതി നടത്തിയ പ്രതികരണങ്ങള്‍ പുറത്തു വന്നു. ട്രെയിനില്‍ കൊല്ലപ്പെട്ടവരില്‍ മൂന്നു പേര്‍ മുസ്ലീങ്ങളാണ്. പല കോച്ചുകളില്‍ നടന്ന് മുസ്ലിമായ ഒരാളെ ഉള്‍പ്പെടെ പ്രതി വെടിവെച്ചതായും പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു വീഡിയോയില്‍ കൊലപാതകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അഭിനന്ദിക്കുന്നതായി കാണിക്കുന്നു. ആ സമയം കൊല്ലപ്പെട്ട ഒരു മുസ്ലീമിന്റെ ദേഹം പ്രതിയുടെ കാല്‍ക്കീഴില്‍ കിടക്കുന്നതും കാണാം.’ ഇവര്‍ പാകിസ്താനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്’ എന്ന് വീഡിയോയില്‍ കൊലപാതകി പറയുന്നുണ്ട്.
പാൽഘറിലെ നലസോപാരയിൽ താമസിക്കുന്ന അബ്ദുൾ കാദർഭായ് മുഹമ്മദ് ഹുസൈൻ ഭാൻപൂർവാല (48), ബീഹാറിലെ മധുബാനി സ്വദേശി അസ്ഗർ അബ്ബാസ് ഷെയ്ഖ് (48), സദർ മുഹമ്മദ് ഹുസൈൻ എന്നിവരും ടിക്കാറാം മീണ എന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും ആണ് വെടിവെപ്പിൽ മരിച്ചത്. ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ കുമാർ ചൗധരിയാണ് ബി-5 കോച്ചിൽ വച്ച് എഎസ്‌ഐ ടിക്കാറാം മീണയെ ആദ്യം വെടിവച്ചത്. തുടർന്ന് അതേ കോച്ചിൽ യാത്ര ചെയ്തിരുന്ന അബ്ദുൾ കാദർഭായ് ഭാൻപുർവാലയെ വെടിവച്ചു കൊന്നു.
ചൗധരി പിന്നീട് നാല് കോച്ചുകളിൽ കൂടി നടന്ന് പാൻട്രി കാറിലെ യാത്രക്കാരനെ സദർ മുഹമ്മദ് ഹുസൈൻ എന്ന് തിരിച്ചറിഞ്ഞ ശേഷമാണ് വെടിവച്ചു കൊന്നത് എന്ന് ഒരു ദേശീയ മാധ്യമ റിപ്പോർട്ടിൽ പറയുന്നു. തന്റെ മൂന്നാമത്തെ ഇരയായ അസ്ഗർ അബ്ബാസ് ഷെയ്ഖിനെ എസ്-6 കോച്ചിൽ വെച്ച് വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് ചൗധരി മറ്റ് രണ്ട് കോച്ചുകൾക്കിടയിൽ പരതി നടന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.