മിത്തുകള്‍ക്ക്(പുരാവൃത്തങ്ങള്‍ക്ക്) ശാസ്ത്രീയമുഖം നല്‍കാന്‍ പാടില്ലെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളോട് ഉപദേശിച്ച നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ മതനിന്ദയും ഈശ്വരനിന്ദയും ഹിന്ദു വിരുദ്ധതയും ആരോപിച്ച് രംഗത്തു വന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സ്വസമുദായത്തില്‍ തന്നെ അപഹാസ്യനാകുന്നതാണ് പുതിയ കാഴ്ച. ഭഗവാന്‍ ഗണപതിയെ അല്ല, ഗണപതിയില്‍ വ്യാജ സയന്‍സുകാര്‍ ആരോപിച്ച പ്ലാസ്റ്റിക സര്‍ജറിയെ ആണ് ഷംസീര്‍ പരാമര്‍ശിച്ചത് എന്നത് പകല്‍ പോലെ വ്യക്തമാണെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ പോലും ഇക്കാര്യത്തില്‍ സുകുമാരന്‍ നായരുടെ വാക്കുകള്‍ പെരുപ്പിച്ചു കാട്ടി സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയാണ് ചെയ്യുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അറിയാവുന്ന സമുദായ പ്രവര്‍ത്തകര്‍ സുകുമാരന്‍ നായരുടെ വാക്കുകളെ നിരാശയോടെയാണ് കാണുന്നത്.

എന്‍.എസ്.എസ്. പറഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ വിറക്കുമെന്ന പഴയൊരു അന്ധവിശ്വാസത്തിന്റെ തടവുകാരനാണ് ജി.സുകുമാരന്‍ നായര്‍ എന്നു തോന്നിക്കുന്ന പ്രസ്താവനകളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കൊല്ലം ജില്ലയിലെ അസുരമംഗലം എന്‍.എസ്.കരയോഗം പ്രസിഡണ്ട് അഞ്ചല്‍ ജോബ് ഇടമുളയ്ക്കല്‍ മണികണ്‌ഠേശ്വര ക്ഷേത്രത്തില്‍ എ.എന്‍.ഷംസീറിനു വേണ്ടി ശത്രു സംഹാര പൂജ നടത്തിയ ശേഷം പ്രതികരിച്ചത് സുകുമാരന്‍ നായരോട് ശക്തമായി വിയോജിച്ചുകൊണ്ടാണ്. രാഷ്ട്രീയവും മതവും വെവ്വേറെയാണെന്ന് അർച്ചന നടത്തിയ അഞ്ചൽ ജോബ് പറഞ്ഞു. വിദ്യാഭ്യാസ ഉന്നമനം പോലെയുള്ള നല്ലകാര്യങ്ങളിലാണ് എന്‍എസ്എസ് ഇടപെടേണ്ടത്. അല്ലാതെ മതപരമായ കാര്യങ്ങളിലല്ല. അതുകൊണ്ടാണ് ഷംസീറിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘ഒരു വീടുപോലുമില്ലാത്ത പാവങ്ങൾ എൻഎസ്എസിൽ ഉണ്ട്. ഡിഗ്രിയും പിജിയും കഴിഞ്ഞ് ജോലിയില്ലാതെ നിൽക്കുന്നവരുണ്ട്. അവർക്കു വേണ്ടി ശബ്ദമുയർത്താൻ എൻഎസ്എസ് നേതൃത്വം തയാറാകുന്നില്ല. രാഷ്ട്രീയപരമായി എൻഎസ്എസിനെ കൊണ്ടുപോകുന്നതിൽ അതൃപ്തിയുണ്ട്. സമുദായവും രാഷ്ട്രീയവും വേറെയാണ്. സമുദായത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നതിൽ എനിക്കു പ്രതിഷേധമുണ്ട്. ഷംസീർ പറഞ്ഞതിലെ തെറ്റ് എന്താണ്? പുരാണത്തിലെ ഏതെങ്കിലും കഥാപാത്രങ്ങളാണോ പ്ലാസ്റ്റിക് സർജറി നടത്തിയത്.”–ജോബ് ചോദിക്കുന്നു.
സുകുമാരന്‍ നായരെ തുടര്‍ന്ന് ബിജെപി, കോണ്‍ഗ്രസ് നേതാക്കളും ഷംസീറിന്റെ മാപ്പ് പറച്ചില്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ നോക്കിയെങ്കിലും ഇന്ന് ഉച്ച തിരിഞ്ഞതോടെ കാറ്റ് മാറി വീശി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും, തുടര്‍ന്ന് സ്പീക്കര്‍ ഷംസീറും വാര്‍ത്താ സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചത് കാര്യങ്ങളില്‍ വഴിത്തിരിവായി. ഒരു തരത്തിലും മാപ്പു പറച്ചിലോ തിരുത്തലോ ഉണ്ടാവില്ലെന്നും ഷംസീര്‍ കക്ഷിരാഷ്ട്രീയം പാടില്ലാത്ത കസേരയിലാണെങ്കിലും അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ടിക്കാരനാണെന്നും പറഞ്ഞു കൊണ്ട് എം.വി.ഗോവിന്ദന്‍ രംഗത്തു വന്നു. മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കള്‍ നെഹ്‌റുവിന്റെ പുസ്തകം വായിച്ചാല്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നും വിമര്‍ശിച്ചു. ഇതോടെ സുകുമാരന്‍ നായരും ഒപ്പം പ്രസ്താവന നടത്തിയവരും നിരായുധരായിരിക്കയാണ്. ഷംസീര്‍ പറഞ്ഞതില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്നാണ് സുകുമാരന്‍ നായര്‍ മുഖം രക്ഷിക്കാന്‍ പ്രതികരിച്ചത്. സര്‍ക്കാര്‍ പ്രതികരിക്കുന്നത് എന്തിനെന്ന ചോദ്യം ആരും ചോദിച്ചില്ല. സര്‍ക്കാര്‍ നിലപാട് താന്‍ ആഗ്രഹിക്കും വിധം അല്ലെങ്കില്‍ പ്രായോഗികമായ മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്ന ‘മുന്നറിയിപ്പ്’ കൂടി സുകുമാരന്‍ നായര്‍ നല്‍കാന്‍ മറന്നിട്ടില്ല.