എ.എന്‍.ഷംസീറിന്‍റെ പ്രസ്താവനയിൽ എൻഎസ്എസ് ഉൾപ്പെടെ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് സിപിഎം. ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞതെന്നും അത് പാർട്ടിയുടെ നയം തന്നെയാണെന്നും പാർട്ടി നേതാവ് എ.കെ.ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുന്നക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് കോഴ വാങ്ങിയാണോ മെരിറ്റ് നോക്കിയാണോ എൻ. എസ്.എസിൽ നിയമനം നൽകുന്നതെന്ന് സുകുമാരൻ നായർ വ്യക്തമാക്കണമെന്ന് എ കെ ബാലൻ ആവശ്യപ്പെട്ടു . മുന്നാക്ക സംവരണം നടപ്പാക്കിയത് എൽ.ഡി.എഫ്. ആണ്. സ്പീക്കറുടെ പ്രസ്താവന വളച്ചൊടിച്ച് ഭക്തജനങ്ങളെ തെരുവിലിറക്കുന്നത് ശരിയായ നടപടിയല്ല . താൻ വായിൽ വെള്ളിക്കരണ്ടിയുമായ് ജനിച്ചയാളല്ല. കർഷക തൊഴിലാളിയുടെ മകനാണ്. സുകുമാരൻ നായരുടെ ഉള്ളിലിരിപ്പ് അറിയാം. അത് ഇങ്ങോട്ട് വേണ്ട. സുരേഷ് ഗോപിയോടും പ്രതിപക്ഷ നേതാവിനോടും സുകുമാരൻ നായരുടെ പ്രതികരണം എല്ലാവരും കണ്ടതാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബി.ജെ പി യും കോൺഗ്രസും നോക്കുകയാണ് – ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്നാണ് സിപിഎം നേതൃത്വത്തിന്റെ സംശയം. എന്‍എസ്എസിന്‍റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്‍റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂർവ ശ്രമമാണെന്നും നേതൃത്വം വിലയിരുത്തുന്നു.