പുതുപ്പള്ളിയില്‍ നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഒറ്റക്കെട്ടായാണ് ചാണ്ടി ഉമ്മനെ തിരഞ്ഞെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ എക്‌സ്പ്രസ് വേഗത്തിലാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ ഇടതുമുന്നണിയെ കടത്തിവെട്ടിയിരിക്കയാണ് കോണ്‍ഗ്രസ്. സാധാരണ ഗതിയില്‍ എക്കാലവും ഇടതു പക്ഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ മുന്നില്‍ നില്‍ക്കാറുള്ളത്. ചാണ്ടി ഉമ്മന്‍ പ്രചാരണം ചൊവ്വാഴ്ച വൈകീട്ട് തന്നെ ആരംഭിച്ചു.
കോണ്‍ഗ്രസിന്റെ ദേശീയ ഔട്ട് റീച്ചിന്റെ സംഘടനാപരമായ ചുമതല വഹിക്കുന്ന യുവ നേതാവാണ് ചാണ്ടി ഉമ്മന്‍.
ഏറ്റവും വൈകാരികമായ തിരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയിലെതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചതിലൂടെ പുതുപ്പള്ളിയിലെ പ്രചാരണത്തിന്റെ ഗതി ഏതു രീതിയിലായിരിക്കും എന്നതിന്റെ സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം, പുതുപ്പള്ളി മണ്ഡലത്തിലെ ആകെയുള്ള എട്ട് ഗ്രാമപഞ്ചായത്തുകളില്‍ ആറ് ഗ്രാമപഞ്ചായത്തുകളിലെ ഭരണം ഇടതുമുന്നണിക്കാണ് എന്ന കാര്യം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയമായ പോരാട്ടം തങ്ങള്‍ നയിക്കുമെന്ന പ്രഖ്യാപനം സി.പി.എം. നേതാക്കളില്‍ നിന്നും ഉണ്ടായിക്കഴിഞ്ഞു.